മോഹന്‍രാജിനെ അംഗീകരിക്കാതെ ഇടഞ്ഞ് അടൂര്‍ പ്രകാശ്; കണ്‍വെന്‍ഷന് എത്തിയേക്കില്ല; മുല്ലപ്പള്ളി കോന്നിയിലേക്ക്

കോന്നി: താന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥി റോബിന്‍ പീറ്ററിനെ തഴഞ്ഞ് കോന്നിയില്‍ പി മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച സംഭവത്തില്‍ ഇടഞ്ഞ് അടൂര്‍ പ്രകാശ്. ഇതോടെ സമവായ ശ്രമങ്ങളുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കോന്നിയിലേക്കെത്തും. ഇന്ന് കോന്നിയില്‍ നടക്കുന്ന മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുല്ലപ്പള്ളിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുക്കും. അതേസമയം, മണ്ഡലത്തിലെ മുന്‍ എംഎല്‍എയായ അടൂര്‍ പ്രകാശ് ആദ്യ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് തന്നെ വിട്ടുനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് നേതൃത്വത്തിന്റെ തീവ്രശ്രമം.

പത്തനംതിട്ടയിലെ കോണ്‍ഗ്രസിലെ അപസ്വരങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രമാടം പഞ്ചായത്ത് പ്രസിഡന്റായ റോബിന്‍ പീറ്ററിന് ഇന്നലെ കെപിസിസി പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് പദവി നല്‍കിയിരുന്നു. എന്നാല്‍ ഇതുകൊണ്ടും അടൂര്‍ പ്രകാശ് വഴങ്ങിയില്ല. കണ്‍വെന്‍ഷന് വരില്ലെന്ന നിലപാടിലുറച്ച്‌ നില്‍ക്കുകയാണ് അദ്ദേഹം. ഇതിനിടെ, ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അനാവശ്യ പരാമര്‍ശം നടത്തിയെന്ന് അടൂര്‍ പ്രകാശ് സംസ്ഥാനനേതൃത്വത്തോട് പരാതിപ്പെട്ടു.

കോന്നിയില്‍ ഈഴവസ്ഥാനാര്‍ത്ഥി തന്നെ വരണമെന്നതായിരുന്നു ബാബു ജോര്‍ജിന്റെ നിലപാട്. കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് അടൂര്‍പ്രകാശ് സംസാരിക്കുന്നതെന്നു ബാബു ജോര്‍ജ് കുറ്റപ്പെടുത്തി. എന്നാല്‍ പത്തനംതിട്ട ഡിസിസിയുമായി ഏറെക്കാലമായി ഭിന്നത പുലര്‍ത്തുന്ന അടൂര്‍പ്രകാശിന് ഇതില്‍ കടുത്ത എതിര്‍പ്പായിരുന്നു. ഇതിനിടെ, സംസ്ഥാനനേതൃത്വം തന്റെ നോമിനിയെ വെട്ടിയെന്നതിലാണ് അടൂര്‍ പ്രകാശിന് അമര്‍ഷം.

Leave a Reply

Your email address will not be published. Required fields are marked *