തൃശൂരില്‍ എക്സൈസ് സംഘം കസ്റ്റഡിയില്‍ എടുത്ത കഞ്ചാവ് പ്രതിയുടെ മരണം; പ്രതിക്ക് മര്‍ദ്ദനമേറ്റിട്ടില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍

കോഴിക്കോട്: തൃശൂരില്‍ എക്സൈസ് സംഘം കസ്റ്റഡിയില്‍ എടുത്ത കഞ്ചാവ് പ്രതി മരിച്ച സംഭവത്തില്‍ പ്രതിക്ക് മര്‍ദ്ദനമേറ്റിട്ടില്ലെന്നു മന്ത്രി ടി പി രാമകൃഷ്ണന്‍. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം പരിശോധിക്കാമെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് കസ്റ്റഡിയില്‍ എടുത്ത മലപ്പുറം സ്വദേശി രഞ്ജിത്ത് കുമാര്‍ മരിച്ചത്.
എക്സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്, ഗുരുവായൂരില്‍ നിന്ന് രണ്ടു കിലോ കഞ്ചാവുമായി രഞ്ജിത്ത് കുമാറിനെ തൃശൂര്‍ എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് തെളിവെടുപ്പ് നടത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച പ്രതി ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് മരിച്ചിരുന്നു. സംഭവത്തില്‍ പ്രതിക്ക് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം പരിശോധിക്കാമെന്നും മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു.
തൃശൂരിലേക്ക് കൊണ്ടു പോകും വഴി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച പ്രതിയെ പാവറട്ടി സാന്‍ജോസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടര്‍ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഗുരുവായൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള സംഘം എക്സൈസ് ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ആര്‍ഡിഓ യുടെ നേതൃത്വത്തില്‍ ഉള്ള സംഘം ഇന്‍ക്വസ്റ്റ്‌ നടപടികള്‍ പൂര്‍ത്തിയാക്കി. തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നാളെ പോസ്റ്റ്മോര്‍ട്ടം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *