തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ പിരിച്ചു വിട്ട ഡ്രൈവര്‍മാരെ ദിവസ വേതന അടിസ്ഥാനത്തില്‍ ഇന്ന് മുതല്‍ തിരിച്ചെടുത്തു തുടങ്ങും. സ്ഥിരം ഡ്രൈവര്‍മാരുടെ അവധി ഒഴിവിലായിരിക്കും നിയമനം. എന്നാല്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് പി എസ് സി റാങ്ക് പട്ടികയിലുള്ളവര്‍.
അവശ്യസര്‍വ്വീസ് മുടങ്ങാതിരിക്കാന്‍ അടിയന്തിര സാഹചര്യത്തില്‍ ഒരു ദിവസത്തേയ്ക്ക് യൂണിറ്റ് ഓഫീസര്‍ക്ക് ബദല്‍ ക്രമീകരണമൊരുക്കാം. ഈ നിയമം ഉപയോഗിച്ചാണ് ഒരു ദിവസത്തേയ്ക്ക് എന്ന ക്രമത്തില്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നത്. ജോലിയ്ക്ക് കയറിയാല്‍ വൈകിട്ട് ഡ്യൂട്ടി കഴിയുമ്ബോള്‍ തന്നെ ശമ്ബളം നല്‍കുന്ന രീതിയിലാകും ക്രമീകരണം. ഇന്ന് കൂടി യാത്രാക്ലേശം തുടര്‍ന്നേയ്ക്കും. എന്നാല്‍ പിരിച്ചുവിട്ടവരെ വീണ്ടും നിയമിക്കുന്നതിനെതിരെ പിഎസ് സി ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ രംഗത്തെത്തി. റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചിട്ടില്ലെന്നും, കെഎസ്‌ആര്‍ടിസി തീരുമാനത്തിനെതിരെ വീണ്ടും കോടതിയെ സമീപിക്കുമെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.
ദീര്‍ഘദൂര ബസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനവും നിര്‍ത്തലാക്കും. കണ്ടക്ടര്‍ ഡ്യൂട്ടി ചെയ്യുന്ന ഡ്രൈവര്‍മാരെ തിരികെ ഡ്രൈവര്‍ ഡ്യൂട്ടിയ്ക്ക് നിയോഗിക്കണമെന്നുകാട്ടി കോര്‍പ്പറേഷന്‍ ഉത്തരവിറക്കി.
