വയനാട് : ഏതാനും ദിവസങ്ങളായി കേരളം ചര്‍ച്ച ചെയ്യുന്നത് ജോളിയെന്ന വീട്ടമ്മയുടെ ക്രൂരകൃത്യങ്ങളാണ്. കോഴിക്കോട് കൂടത്തായിയില്‍ ഉറ്റബന്ധുക്കളെ ഭക്ഷണത്തില്‍ മാരക വിഷമായ സയനൈഡ് ചേര്‍ത്ത് ജോളി കൊലചെയ്തപ്പോള്‍ ഒരു വര്‍ഷം മുന്‍പ് വയനാട് വെള്ളമുണ്ടയില്‍ സയനൈഡ് ഉള്ളില്‍ ചെന്ന് മരിച്ച മൂന്ന് നിരപരാധികളുടെ ദാരുണമരണവും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. വെള്ളമുണ്ടയില്‍ മരണപ്പെട്ടത് സയനൈഡ് കലര്‍ന്നതാണെന്ന് അറിയാതെ മദ്യം കഴിച്ച മൂന്ന് പേരാണ്.
ഭാര്യയുമായുള്ള വഴിവിട്ട ബന്ധമുണ്ടെന്ന് കരുതി യുവാവിനെ കൊലപ്പെടുത്താനായി സ്വര്‍ണപണിക്കാരനായ പാലത്തിങ്കല്‍ പി.പി. സന്തോഷ് സുഹൃത്തായ സജിത് കുമാറിന് സയനൈഡ് കലര്‍ത്തിയ ഒരു കുപ്പി മദ്യം സമ്മാനിച്ചത്. ഭാര്യയുടെ സഹോദരനായ സതീശന്റെ ആത്മഹത്യയ്ക്ക് ശേഷമാണ് സന്തോഷ് സജിത്കുമാറിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുന്നത്. ആത്മഹത്യയ്ക്ക് പിന്നില്‍ സജിത്കുമാറും സഹോദരിയും തമ്മിലുള്ള വഴിവിട്ട ബന്ധമാണെന്ന സൂചന ആത്മഹത്യാകുറിപ്പിലുണ്ടായിരുന്നു. എന്നാല്‍ സയനൈഡ് കലര്‍ത്തിയ മദ്യം കഴിച്ചത് ഈ സംഭവവുമായി ഒരു ബന്ധവുമില്ലാത്ത മൂന്ന് പേരായിരുന്നു.
നാടിനെ നടുക്കിയ മരണങ്ങള്‍
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിനാണ് വെള്ളമുണ്ട മൊതകരയ്ക്കടുത്ത് കാവും കുന്ന് കോളനിയിലെ മന്ത്രവാദിയുടെ കുടുംബത്തിലെ മൂന്ന് പേര്‍ മരണപ്പെട്ടത്. ഗുളികന്‍ സേവയ്ക്കുള്ള പ്രസാദമായി സജിത് കുമാര്‍ എത്തിച്ച മദ്യം കഴിച്ച് മന്ത്രവാദിയായ എഴുപത്തഞ്ച്കാരനായ തികായിയാണ് ആദ്യം മരണപ്പെട്ടത്. ഈ മരണത്തില്‍ ആരും അസ്വഭാവികത ആരോപിച്ചിരുന്നില്ല. എന്നാല്‍ മരിച്ചയാളുടെ കര്‍മ്മങ്ങള്‍ നടത്തിയ ശേഷം തിരികെ വീട്ടിലെത്തിയ മകനും മരുമകനും ബാക്കിയിരുന്ന മദ്യവും വിഷം ചേര്‍ത്തതറിയാതെ കഴിക്കുകയായിരുന്നു. മദ്യം കഴിച്ചയുടന്‍ ഇരുവരും കുഴഞ്ഞു വീണു മരണപ്പെട്ടു. ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് വിശദമായ അന്വേഷണം നടത്തുകയും കോളനിയില്‍ മദ്യം പൂജയ്ക്കായി എത്തിച്ച സജികുമാറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാല്‍ പിന്നീട് സജികുമാര്‍ വിഷം ചേര്‍ത്ത മദ്യമാണെന്ന് അറിയാതെയാണ് മന്ത്രവാദിക്ക് കൈമാറിയതെന്ന് പൊലീസിന് അന്വേഷണത്തില്‍ മനസിലാകുകയും, സ്വര്‍ണപണിക്കാരനായ എറണാകുളം സ്വദേശി സന്തോഷ് കൊലക്കേസില്‍ അറസ്റ്റിലാവുകയുമായിരുന്നു.
