ദുബായ്: വിമാനയാത്ര നടപടി പൂര്‍ത്തിയാക്കാന്‍ ഇനിമുതല്‍ പാസ്പോര്‍ട്ടോ മറ്റു തിരിച്ചറിയല്‍ രേഖകളോ വേണ്ട , പകരം യാത്രക്കാരന്റെ മുഖം മാത്രം കാണിച്ചാല്‍ മതിയാകും . ഇതിനുള്ള യാത്രാനടപടികള്‍ പൂര്‍ത്തിയാക്കുന്ന സംവിധാനം നടപ്പാക്കാനൊരുങ്ങുകയാണ് ജി.ഡി.ആര്.എഫ്.എ. ദുബായും (ദുബായ് എമിഗ്രേഷന്‍) എമിറേറ്റ്സ് എയര്‍ലൈന്‍സും. നിര്‍മിത ബുദ്ധിയിലുള്ള ബയോമെട്രിക് സാങ്കേതിക സംവിധാനം ഉടന്‍തന്നെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടപ്പാക്കും . വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന 39-ാം ജൈറ്റക്സ് സാങ്കേതിക മേളയിലാണ് ഈ സംവിധാനം അധികൃതര്‍ പരിചയപ്പെടുത്തിയത്.
ബയോമെട്രിക് യാത്രാനടപടിക്ക് പാസ്പോര്‍ട്ടിന്റെയോ ബോര്‍ഡിങ് പാസിന്റെയോ ആവശ്യമില്ല. എന്നാല്‍ ആദ്യയാത്രയില്‍ രേഖകളെല്ലാം സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണം . തുടര്‍യാത്രകള്‍ക്ക് രജിസ്ട്രേഷന്റെ ആവശ്യമില്ല. ഇരട്ടകളെപ്പോലും വേര്‍തിരിച്ചറിയുവാന്‍ സാധിക്കുന്ന അത്യാധുനിക സോഫ്റ്റ്വേറുകളിലൂടെയാണ് ബയോമെട്രിക് സാങ്കേതിക വിദ്യ സാധ്യമാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി .
വിമാനടിക്കറ്റ് ചെക്കിങ് കൗണ്ടറിനുമുന്നില്‍ സ്ഥാപിച്ച ക്യാമറയില്‍ നോക്കുക എന്നതാണ് ആദ്യ നടപടി . തുടര്‍ന്ന് എമിഗ്രേഷന്‍ നടപടിക്കുള്ള ഗേറ്റില്‍ സ്ഥാപിച്ച ക്യാമറയില്‍ മുഖം കാണിച്ചാല്‍ സിസ്റ്റത്തിലുള്ള മുഖവും യാത്രക്കാരന്റെ മുഖവും ഒന്നാണെന്ന് ഉറപ്പുവരുത്തി അടുത്ത ഘട്ടത്തിലേക്കുള്ള ഗേറ്റുകള്‍ ഓരോന്നും തുറക്കപ്പെടും. അങ്ങനെ വിമാനത്തില്‍ കയറാനുള്ള നടപടി ഓരോന്നും നിമിഷനേരംകൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയും .
