ഹിന്ദുത്വ അജന്‍ഡയ്ക്കെതിരെ ശബ്ദിക്കുന്നവരെ നിശ്ശബ്ദരാക്കാന്‍ ഭരണകൂടഭീകരത പത്തിവിടര്‍ത്തുന്നു; ഈ വിനാശകരമായ കാലം എത്രയുംവേഗം ഇല്ലാതാക്കാനുള്ള ജനകീയ പ്രതിരോധനിര ശക്തമാക്കണം: കോടിയേരി

ദേശാഭിമാനിയിലെ ‘നേര്‍വ‍ഴി’ പംക്തിയില്‍ കോടിയേരി എ‍ഴുതിയ ലേഖനം:

ലോകപ്രശസ്ത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനെ തിരുവനന്തപുരത്തെ വീട്ടിലെത്തി ഞാന്‍ കണ്ടിരുന്നു. അദ്ദേഹം ഉള്‍പ്പെടെ രാജ്യത്തെ 49 സാംസ്കാരിക വ്യക്തിത്വങ്ങള്‍ പ്രധാനമന്ത്രിക്ക് കത്ത് അയച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത പശ്ചാത്തലത്തിലായിരുന്നു സന്ദര്‍ശനം. നിയമ-ഭരണ നടപടികളോട് ശക്തിയായി വിയോജിച്ച്‌ അടൂരിന് സിപിഐ എമ്മിന്റെ ഐക്യദാര്‍ഢ്യം അറിയിക്കാനാണ് അദ്ദേഹത്തെ കണ്ടത്.
ശ്യാം ബെനഗല്‍, മണിരത്നം, രാമചന്ദ്രഗുഹ, അപര്‍ണാസെന്‍, രേവതി തുടങ്ങിയവരെയെല്ലാം രാജ്യദ്രോഹക്കേസില്‍ പ്രതികളാക്കി. ഇന്ത്യയെപ്പോലെ ഒരു ജനാധിപത്യരാജ്യത്ത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണിത്. ഇവിടെയെല്ലാവരും കണ്ണുതുറന്ന് കാണേണ്ട ആപത്തുണ്ട്. കേന്ദ്രം ഭരിക്കുന്ന ബിജെപി കേവലമൊരു വലതുപക്ഷ പാര്‍ടിയല്ല. അതൊരു പിന്തിരിപ്പന്‍ വര്‍ഗീയ പാര്‍ടിയാണ്. സാധാരണയുള്ള വലതുപക്ഷ യാഥാസ്ഥിതിക പാര്‍ടികളില്‍നിന്നും വ്യത്യസ്തവുമാണ്. ഇന്ത്യയെ അക്രമാസക്തമായി ഹിന്ദു രാഷ്ട്രമാക്കാന്‍ നിലകൊള്ളുന്ന ആര്‍എസ്‌എസിനാല്‍ നയിക്കപ്പെടുന്ന കക്ഷിയുമാണ്. ഈ കക്ഷിയുടെ നേതാവായ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഒന്നാം സര്‍ക്കാരിന്റെ ഭരണത്തില്‍ സംഭവിച്ചത് മറക്കാനാകില്ല. ഹിന്ദുത്വശക്തികള്‍ക്കെതിരെ യുക്തിഭദ്രമോ, യുക്തിവാദപരമോ ആയ നിലപാടുള്ള എഴുത്തുകാരെ-നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ്‌ പന്‍സാരെ, എം എം കലബുര്‍ഗി എന്നിവരെ വെടിവച്ചുകൊന്നു. പിന്നീട് മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെയും കാവിക്കാരുടെ തോക്കിനിരയാക്കിയത് ഹിന്ദുത്വ ആശയത്തെ എതിര്‍ത്തതിനാലാണ്. ‘എഴുത്തോ, നിന്റെ കഴുത്തോ’ എന്ന ചോദ്യവുമായി കലാകാരന്മാര്‍ക്കും സാംസ്കാരിക നായകന്മാര്‍ക്കും ചിന്തകന്മാര്‍ക്കുംനേരെ സംഘപരിവാര്‍ പാഞ്ഞുവരുന്നു. സിനിമ, നോവല്‍, കഥ, പാട്ട് എന്നിവയിലെല്ലാം സംഘപരിവാറിന്റെ കൈകടത്തലുണ്ടായി.

രണ്‍ബീര്‍ കപൂര്‍, ഐശ്വര്യാറായ്, അനുഷ്ക ശര്‍മ എന്നിവര്‍ മുഖ്യവേഷത്തിലെത്തിയ ‘എ ദില്‍ ഹേ മുഷ്കില്‍’ എന്ന ചിത്രം റിലീസ് ചെയ്യാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഇടപെട്ട് കരാറുണ്ടാക്കുന്ന തരത്തില്‍ വരെ കാര്യങ്ങള്‍ വളര്‍ന്നു. പാക് കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും ഭാവിയില്‍ ഇന്ത്യയില്‍ സിനിമകളില്‍ സഹകരിപ്പിക്കില്ലെന്നതായിരുന്നു കരാര്‍. റിലീസ് ആദ്യം തടഞ്ഞ ഈ ചിത്രത്തില്‍ പാക് നടന്‍ ഫവാദ് ഖാന്‍ വേഷമിട്ടതാണ് ഭീഷണിക്ക് കാരണമായത്. ചിത്രം സംവിധാനംചെയ്ത കരണ്‍ ജോഹറിനെ രാജ്യദ്രോഹിയെന്ന് മുദ്രയടിച്ചു. ലോകപ്രശസ്ത ഗസല്‍ ഗായകന്‍ ഗുലാംഅലി കേരളത്തില്‍ പാടിയാല്‍ തടയുമെന്ന് ഹിന്ദുത്വശക്തികള്‍ പ്രഖ്യാപിച്ചെങ്കിലും പുരോഗമന കേരളം അത് അവഗണിച്ചു. എന്നാല്‍, പാകിസ്ഥാനില്‍നിന്ന് അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്കു വരുന്ന സംഗീതവും കലയും കളിയും ഇവിടെ വേണ്ടെന്നു കല്‍പ്പിച്ച വര്‍ഗീയ ഭ്രാന്തന്‍ശക്തികള്‍ക്ക് മേധാവിത്വം കിട്ടുകയും ഭരണകൂട സംരക്ഷണം ലഭിക്കുകയും ചെയ്തു മോഡി ഭരണത്തില്‍.

ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍

മോഡി ഭരണം വരുംമുമ്ബുതന്നെ ശ്രീരാമന്റെയും ഹിന്ദുദൈവങ്ങളുടെയും പേരില്‍ കൊലപാതകവും നാടുകടത്തലും വംശഹത്യയും സംഘപരിവാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കിയിരുന്നു. പിറന്ന മണ്ണില്‍ കാലുകുത്താന്‍ അനുവദിക്കാതെ മഹാനായ ചിത്രകാരന്‍ എം എഫ് ഹുസൈനെ നാടുകടത്തിയതടക്കം എത്രയെത്ര പാതകങ്ങള്‍. രണ്ടാം മോഡി സര്‍ക്കാരിന്റെ ഭരണത്തോടെ ജുഡീഷ്യറി പോലും ഹിന്ദുത്വ അജന്‍ഡയ്ക്ക് കീഴടങ്ങുകയാണെന്ന ആശങ്ക ശക്തമായിരിക്കുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ വെട്ടിമുറിച്ച്‌ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിലും ജനനേതാക്കളെ തടവിലാക്കിയതിലും മാധ്യമസ്വാതന്ത്ര്യം ഹനിച്ചതിനുമെതിരെയുള്ള ഹര്‍ജികള്‍ യഥാസമയം കേള്‍ക്കാന്‍ സുപ്രീംകോടതി പോലും പൊതുവില്‍ വിസമ്മതിച്ചിരിക്കുകയാണ്. കേസ് തുടര്‍ച്ചയായി അവധിക്കു വയ്ക്കുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളെ കേന്ദ്രഭരണം പിച്ചിച്ചീന്തുമ്ബോള്‍, വ്യാജ ദേശഭക്തിയുടെ മറവില്‍ അതിന് ഒത്താശ ചെയ്യേണ്ട ഒന്നല്ല നീതിപീഠം. തെരഞ്ഞെടുപ്പു കമീഷന്‍, സിബിഐ, അന്വേഷണ ഏജന്‍സികള്‍, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ തുടങ്ങിയ സംവിധാനങ്ങളെയെല്ലാം കേന്ദ്രഭരണത്തിന്റെ ഹിന്ദുത്വ അജന്‍ഡയ്ക്ക് കീഴ്പ്പെടുത്തിയിരിക്കുകയാണ്.

രാജ്യം നേരിടുന്ന ഈ ദുഃസ്ഥിതിയുടെ ആപല്‍ക്കരമായ ചൂണ്ടുപലകയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 49 പ്രഗത്ഭര്‍ക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തിയ സംഭവം. രാജ്യദ്രോഹം, മതനിന്ദ, സമാധാന ഭഞ്ജനം തുടങ്ങിയവയായിരുന്നു ചുമത്തിയ കുറ്റങ്ങള്‍. ‘ശ്രീറാം…’ വിളിയുടെ അകമ്ബടിയില്‍ നടത്തുന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങളില്‍ സുപ്രീംകോടതി തന്നെ ഒന്നാം മോഡി സര്‍ക്കാരിന്റെ ഭരണകാലത്ത് നടുക്കം പ്രകടിപ്പിക്കുകയും അത് തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. രണ്ടാം മോഡി സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ വ്യാപകമായി. അത് തടയാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കാന്‍ ഇന്ത്യയിലെ ഏതൊരു പൗരനും സ്വാതന്ത്ര്യം ഭരണഘടന അനുവദിക്കുന്നു. രാജ്യം സ്നേഹിക്കുന്ന 49 കല-സാംസ്കാരിക വ്യക്തിത്വങ്ങളെ എന്തിന് ‘രാജ്യദ്രോഹി’കളാക്കണം.എല്ലാ മത, ജാതി, വംശ, ലിംഗവിഭാഗങ്ങളും തുല്യരായ മതനിരപേക്ഷ സോഷ്യലിസ്റ്റ് ജനാധിപത്യ റിപ്പബ്ലിക്കായ നമ്മുടെ രാജ്യത്ത്

ആള്‍ക്കൂട്ടക്കൊലപാതകങ്ങളും അസഹിഷ്ണുതയും വര്‍ധിച്ചുവരുന്നത് തടയണമെന്നാണ് പ്രധാനമന്ത്രിയോട് അവര്‍ അഭ്യര്‍ഥിച്ചത്. അതില്‍ പ്രതികരിക്കാനോ കുറ്റകൃത്യം തടയാന്‍ നടപടിയെടുക്കാനോ പ്രധാനമന്ത്രി തയ്യാറായില്ല. പകരം അനുയായികളെയും സംസ്ഥാന നേതാക്കളെയും കയറൂരിവിട്ട് അടൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വിദ്വേഷകരവും അക്രമാസക്തവുമായ ക്യാമ്ബയിന്‍ നടത്തിച്ചു. അടൂരിനെ ചന്ദ്രനിലേക്ക് കയറ്റിവിടാനുള്ള ഭീഷണിയും ബിജെപി നേതാക്കളില്‍ നിന്നുണ്ടായി. ബിഹാറിലെ മുസഫര്‍പുരിലെ അഭിഭാഷകന്‍ ഒരു ഹര്‍ജി മജിസ്ട്രേട്ട് കോടതിയില്‍ കൊടുക്കുകയും കോടതി ഉത്തരവുപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ഇതിന് പൊലീസും ഭരണസംവിധാനവും കൂട്ടുനിന്നു. ഇപ്രകാരം ഒരു സ്വകാര്യ അന്യായം വന്നാല്‍ അതിലെ കാര്യങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നതാണോയെന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്തം ക്രിമിനല്‍ നടപടിക്രമത്തിലെ 200, 202, 203 വകുപ്പുകള്‍ പ്രകാരം മജിസ്ട്രേട്ടിനുണ്ട്. അത് ലംഘിച്ചാല്‍ ഇടപെടാനുള്ള ബാധ്യത പ്രധാനമന്ത്രിക്കും ജുഡീഷ്യറിക്കുമുണ്ട്. തനിക്ക് കത്തെഴുതിയതിന് 49 പ്രമുഖ പൗരന്മാര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തതില്‍ ആദ്യം ലജ്ജ തോന്നേണ്ടത് മോഡിക്കാണ്. അത് ഉണ്ടാകുന്നില്ലായെന്നത് രാജ്യവും ഭരണാധികാരിയും ഫാസിസത്തിന്റെ വഴിയിലേക്ക് പോകുന്നുവെന്നതിന്റെ മുന്നറിയിപ്പാണ്.

മോഡിയോടു ചാഞ്ഞ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ ആദര്‍ശ പാപ്പരത്തം വെളിപ്പെട്ടിരിക്കുകയാണ്. ബിഹാര്‍ കേസ് ആര്‍എസ്‌എസ് ഗൂഢാലോചനയുടെ ഫലമാണ്. ഭയപ്പെടുത്തി ശക്തിനേടുകയെന്ന ഗീബല്‍സിന്റെയും ഹിറ്റ്‌ലറുടെയും തന്ത്രം ഈ രാജ്യത്ത് നടപ്പാക്കുകയാണ്. ഹിറ്റ്‌ലര്‍ സാംസ്കാരിക മൂല്യങ്ങളെ വംശീയതയുമായി മെടഞ്ഞുചേര്‍ത്തു. ജര്‍മന്‍ വംശീയതയുടെ മൂല്യബോധത്തെ ഉദ്ദീപിപ്പിക്കുന്നതാകണം കലയും സാഹിത്യവും സിനിമയും വിദ്യാഭ്യാസവുമെന്ന് ഹിറ്റ്‌ലര്‍ ശഠിച്ചു. അതുതന്നെയാണ് മോഡിയും ചെയ്യുന്നത്. അതുകൊണ്ടാണ് കല-സാംസ്കാരിക പ്രതിഭകളെ ഭയപ്പെടുത്തി വരുതിയിലാക്കാന്‍ 49 പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തിയത്‌. ഇതില്‍ രാജ്യത്തിനകത്തും പുറത്തും ശക്തമായ പ്രതിഷേധം പടരുന്ന സാഹചര്യത്തില്‍ ബിഹാര്‍ പൊലീസ് കേസ് റദ്ദാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. എങ്കിലും കോടതിയുടെ തീര്‍പ്പുവരേണ്ടതുണ്ട്.
‘മനുഷ്യരെ ചുട്ടുകൊടുക്കപ്പെടും’, ‘മുസ്ലിങ്ങളുടെ പൗരത്വം ഇല്ലാതാക്കിക്കൊടുക്കപ്പെടും’ പശുവിന്റെ പേരില്‍ ദളിതരെയും മുസ്ലിങ്ങളെയും പച്ചയായി കത്തിച്ചുകൊടുക്കപ്പെടും – ഇതെല്ലാമാണ് സംഘപരിവാറിന്റെ പരസ്യപ്പലകയില്‍ തെളിയുന്നത്. ഇവരുടെ സര്‍വകലാശാലയില്‍നിന്നു ബിരുദം നേടിയ കാവി നേതാവായതുകൊണ്ടാകണം കേരളീയനായ കേന്ദ്ര മന്ത്രി വി മുരളീധരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള പ്രതിഭകള്‍ക്കെതിരെ രാജ്യദ്രോഹക്കേസ് എടുത്തതില്‍ വിയോജിക്കാഞ്ഞത്. ഇക്കാര്യത്തില്‍ അദ്ദേഹം വാചാലനാണ്. ശബരിമലയിലെ വിശ്വാസപ്രശ്നത്തെ സാംസ്കാരിക നായകരുടെ പ്രസ്താവനയുമായി കൂട്ടിക്കെട്ടാനുള്ള സാമര്‍ഥ്യം കേന്ദ്ര മന്ത്രി കാണിച്ചു. മനുഷ്യര്‍ക്കിടയില്‍ സ്നേഹത്തിന്റെ പൂന്തോപ്പുകള്‍ സൃഷ്ടിക്കുന്നതിനുള്ള നാടിന്റെ അഭിമാനങ്ങളായ സാംസ്കാരിക വ്യക്തിത്വങ്ങളുടെ ഹൃദയം തുടിച്ചതിന് എന്തിനാണ് ഈ കേന്ദ്ര മന്ത്രിക്ക് കലിയുണ്ടാകുന്നത്.

ജനകീയ പ്രതിരോധനിര ശക്തമാക്കണം

ബ്രിട്ടീഷ് ഭരണകാലത്ത് ‘രാജ്യദ്രോഹി’ എന്നപേരില്‍ യശ്പാല്‍ എഴുതിയ നോവല്‍ പ്രസിദ്ധമാണ്. അത് സ്വാതന്ത്ര്യസമരത്തെ പ്രചോദിപ്പിക്കുന്നതാണ്. ഹിന്ദു-മുസ്ലിം സാഹോദര്യത്തിനായി പോരാടിയ ഗാന്ധി താന്‍ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും സിക്കും പാഴ്സിയുമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഗാന്ധിജി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ രാജ്യദ്രോഹിയായേനെ. ഗാന്ധിജിയെ കൊന്ന ഗോഡ്സെയെ രാജ്യസ്നേഹിയുമാക്കിയേനെ. സാംസ്കാരിക നായകര്‍ക്കും കലാകാരന്മാര്‍ക്കുമെതിരെയുള്ള കള്ളക്കേസ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട സിപിഐ എം കേന്ദ്ര കമ്മിറ്റി, രാജ്യദ്രോഹ വകുപ്പുതന്നെ കാലഹരണപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനികളെ തടങ്കലിലാക്കാനാണ് ഈ വകുപ്പ് കൊണ്ടുവന്നത്. അപ്രകാരം ബാലഗംഗാധര തിലകനെയും ഗാന്ധിജിയെയുമെല്ലാം രാജ്യദ്രോഹികളാക്കി ജയിലിലടച്ചിട്ടുണ്ട്. രാജ്യദ്രോഹനിയമം 17-ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ പിറവിയെടുത്തതാണ്. ബ്രിട്ടനില്‍പ്പോലും ഈ നിയമം ഇന്ന് ഇല്ലാതാക്കി. പുതിയ മനുഷ്യാവകാശനിയമം വന്നപ്പോള്‍ 1998ല്‍ രാജ്യദ്രോഹക്കുറ്റം അവിടെ നിര്‍ത്തലാക്കി. അമേരിക്ക, ക്യാനഡ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്‌ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഒരുകാലത്തുണ്ടായിരുന്ന രാജ്യദ്രോഹനിയമം നിര്‍ത്തലാക്കുകയോ, മരവിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.
എന്നിട്ടും ജനാധിപത്യ-മതനിരപേക്ഷ രാജ്യമെന്ന് ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിട്ടുള്ള ഇന്ത്യയില്‍ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കുംവേണ്ടി ശബ്ദിച്ചവരെ രാജ്യദ്രോഹക്കുറ്റത്തിന് പ്രതികളാക്കിയപ്പോള്‍ ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ കൂടുതല്‍ തകരുകയാണ്. അപമാനകരവും നിയമവിരുദ്ധവുമായ രാജ്യദ്രോഹക്കേസ് പിന്‍വലിക്കാന്‍ സുപ്രീംകോടതിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഇടപെടല്‍ വേണം. ഹിന്ദുത്വ അജന്‍ഡയ്ക്കെതിരെ ശബ്ദിക്കുന്നവര്‍ ഏതു മേഖലയിലുള്ളവരായാലും അവരെയെല്ലാം നിശ്ശബ്ദരാക്കാന്‍ ഭരണകൂട ഭീകരത പത്തിവിടര്‍ത്തുകയാണ്. ബില്‍ക്കീസ് ബാനു കൂട്ടബലാല്‍സംഗക്കേസിലെ പ്രതികളുടെ ശിക്ഷ ശരിവച്ച ബോംബെ ഹൈക്കോടതി ആക്ടിങ്‌ ചീഫ് ജസ്റ്റിസായിരുന്ന വി കെ താഹില്‍ രമണിയെ മദ്രാസ്‌ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് മേഘാലയയിലേക്ക് സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ചതിന് പുതിയ ആക്ഷേപമുയര്‍ത്തി സിബിഐ അന്വേഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കടംവാങ്ങി ഫ്ലാറ്റ് വാങ്ങിയതിനാണ് കേസ്. കേന്ദ്രഭരണത്തോട് കമ്മിറ്റഡായ ജുഡീഷ്യറിയെ ഇവിടെ സൃഷ്ടിക്കപ്പെടുകയാണ്. ഈ വിനാശകരമായ കാലം എത്രയുംവേഗം ഇല്ലാതാക്കാനുള്ള ജനകീയ പ്രതിരോധനിര ശക്തമാക്കണം.

Leave a Reply

Your email address will not be published. Required fields are marked *