വയനാട്ടില്‍ യുവാവിനെ ആക്രമിച്ച പുലിയെ മയക്കുവെടിവച്ചു പിടികൂടി

വയനാട്: മുത്തങ്ങ പൊന്‍കുഴി കോളനിയില്‍ യുവാവിനെ ആക്രമിച്ച പുലിയെ വനംവകുപ്പ് മയക്കുവെടി വച്ച്‌ പിടികൂടി. പൊന്‍കുഴി പണിയ കോളനിയിലെ വിനീഷി(29)നാണ് കഴിഞ്ഞ രാത്രി ഏഴോടെ പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. യുവാവിനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടര്‍ന്ന് അസി. വനംവകുപ്പ് വാര്‍ഡന്‍ സുനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് സുരക്ഷയൊരുക്കി നിരീക്ഷണം തുടര്‍ന്നു. രാത്രി മയക്കുവെടി വച്ച്‌ പിടികൂടാന്‍ നിയമ തടസങ്ങളുണ്ടായിരുന്നതിനാല്‍ ഇന്ന് പുലര്‍ച്ചെ ഏഴോടെ പുലിയെ കോളനിക്ക് സമീപത്തു നിന്ന് വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ.അരുണ്‍ സഖറിയ മയക്കുവെടി വച്ച്‌ പിടികൂടുകയായിരുന്നു. രാത്രിയില്‍ ഒരു നായയെയും ആടിനെയും പുലി ആക്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം പൂതാടിയില്‍ നിന്നും മയക്കുവെടി വച്ച്‌ പിടികൂടിയ ശേഷം മുത്തങ്ങയിലെത്തിച്ച്‌ തുറന്നവിട്ട പുലിയാണിതെന്ന് നാട്ടുകാര്‍ പറയുന്നു. പുലിയെ വിശദ പരിശോധനയ്ക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റിയേക്കും. ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *