കൊച്ചി: എറണാകുളം നഗരത്തിലുണ്ടായ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൊച്ചി കോര്‍പറേഷനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. മുഖ്യമന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ കൊച്ചി നഗരത്തിന്റെ സ്ഥിതി എന്താവുമായിരുന്നെന്ന് കോടതി ചോദിച്ചു. ഓപറേഷന്‍ ബ്രേക്ക് ത്രൂവിലുടെ നാല് മണിക്കൂര്‍ കൊണ്ടാണ് നഗരത്തിലെ വെള്ളക്കെട്ട് ഇല്ലാതാക്കിയത്.
വെള്ളക്കെട്ട് പരിഹരിക്കാന്‍ കോര്‍പറേഷന് ഒറ്റയ്ക്കു സാധിക്കില്ലെങ്കില്‍ എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ സഹായം തേടാതിരുന്നതെന്നും കോടതി ചോദിച്ചു.
ജില്ലാ ഭരണകൂടം ഇടപെടാത്തതുകൊണ്ടാണ് കോടതിക്ക് ഇടപെടേണ്ടിവന്നത്. കോടതി ജനങ്ങള്‍ക്ക് ഒപ്പമാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
അതിശക്തമായ മഴയാണ് വെള്ളക്കെട്ടിനു കാരണമെന്ന് കോര്‍പറേഷന്‍ വീണ്ടും വിശദീകരിച്ചപ്പോള്‍ അങ്ങനെയെങ്കില്‍ തെളിവ് എവിടെയെന്നും കോടതി ചോദിച്ചു. വേലിയേറ്റമാണ് കൊച്ചിയിലെ വെള്ളപ്പൊക്കത്തിന് കാരണമെന്നാണ് കോര്‍പറേഷന്‍ പറയുന്നത്. വേലിയിറക്കം വന്നപ്പോഴാണ് വെള്ളമിറങ്ങിയതെന്നും കോര്‍പറേഷന്‍ വ്യക്തമാക്കി.
