മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ വന്നതല്ല; വ്യാജഏറ്റുമുട്ടല്‍ ആരോപണം തള്ളി പൊലീസ്,​ മൃതദേഹങ്ങള്‍ റീപോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ബന്ധുക്കള്‍

പാലക്കാട് : അട്ടപ്പാടിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ വന്നതാണെന്ന ആരോപണം തള്ളി എസ്.പി. എ.കെ.47 തോക്കുകള്‍ ഉപയോഗിച്ച്‌ മാവോയിസ്റ്റുകള്‍ ആക്രമിച്ചു. പൊലീസ് ആക്രമിക്കാനല്ല. പട്രോളിംഗിനാണ് പോയത്. വ്യാജ ഏറ്റുമുട്ടലാണോ അല്ലയോ എന്ന് സാക്ഷികളോട് ചോദിക്കാമെന്നും എസ്.പി പറഞ്ഞു. മാവോയിസ്റ്റുകളില്‍ നിന്ന് ഒരു എ.കെ. 47 തോക്ക്, അരിവാള്‍ ചുറ്റിക ചിഹ്നം കൊത്തിയത് ഉള്‍പ്പെടെയുള്ള ആറ് നാടന്‍ത്തോക്കുകള്‍, കത്തികള്‍, റേഡിയോ, ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ്, ടോര്‍ച്ചുകള്‍, പെന്‍ഡ്രൈവുകള്‍ തുടങ്ങിയവയും മാവോയിസ്റ്റുകളുടെ പതാകയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.

അതേസമയം പൊലീസ് കൃത്യമായി നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ച്‌ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. കാര്‍ത്തിക്കിന്റേയും മണിവാസകത്തിന്റേയും ബന്ധുക്കളാണ് ഇക്കാര്യം ഉന്നയിച്ച്‌ രംഗത്തെത്തിയത്. പൊലീസ് എല്ലാ നടപടിക്രമങ്ങളും പാലിക്കണമെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മൃതദേഹങ്ങള്‍ വീണ്ടും റീപോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തികിന്റെ അമ്മയും സഹോദരിയും കളക്ടര്‍ക്ക് അപേക്ഷ നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *