ബാര്‍ പൂട്ടിയോ എന്ന് നോക്കിയല്ല വോട്ട് ചെയ്യുന്നത്

മലപ്പുറം: ബാര്‍ പൂട്ടിയോ എന്ന് നോക്കിയല്ല സ്ത്രീകള്‍ വോട്ട് ചെയ്യുന്നതെന്ന്് എന്‍ സി പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍. ഈ വിഷയം തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ബിന്റെ നേതൃശബ്ദം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി ജെ പി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയതുകൊണ്ട് ആകെ നേട്ടമുണ്ടായത് സുരേഷ്‌ഗോപിക്കാണെന്ന് ഉഴവൂര്‍പറഞ്ഞു. അദ്ദേഹത്തിന് രാജ്യസഭാ എം പി സ്ഥാനവും യാത്രക്ക് ഹെലിക്കോപ്റ്ററും കിട്ടി. അതല്ലാതെ കേരളത്തിന് ഒരു നേട്ടവുമില്ല. ഈ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ കൈയില്‍ ചോദ്യങ്ങള്‍ മാത്രമേയുള്ളു. ഉത്തരങ്ങളൊന്നുമില്ല.എല്‍ ഡി എഫില്‍ ആര് മുഖ്യമന്ത്രിയാകും, അതെന്ന് തീരുമാനമാകും, ബാര്‍ പൂട്ടുമോ തുടങ്ങിയ ചോദ്യങ്ങളാണുള്ളത്. ഭരണം എല്‍ ഡി എഫിന് കിട്ടുമെന്ന കാര്യത്തില്‍ അവര്‍ക്ക് അഭിപ്രായവ്യത്യാസമില്ല. ഇപ്പോള്‍ കുമ്മനം, കുഞ്ഞുമാണി, കുഞ്ഞാലി, കുഞ്ഞൂഞ്ഞ് കൂട്ടുചേര്‍ന്ന് എല്‍ ഡി എഫിനെതിരേ നാല് ‘കു’ സംഖ്യമാണ് മത്സരിക്കുന്നത്. ഇത് ജനം തിരിച്ചറിയുമെന്നും 101 സീറ്റില്‍ എല്‍ ഡി എഫ് വിജയിക്കുമെന്നും ഉഴവൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രസിഡന്റായി നിന്ന് വില കളയാതെ വി എം സുധീരന്‍ എന്‍ സി പിയില്‍ ചേരണമെന്നും അദ്ദേഹത്തിനായി തന്റെ കസേര ഒഴിഞ്ഞുകൊടുക്കുമെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *