ന്യൂഡല്‍ഹി: ഹൈദരാബാദില്‍ ബലാത്സംഗക്കേസ് പ്രതികളെ പൊലീസ് ഏറ്റുമുട്ടലില്‍ വെടിവെച്ചുകൊന്ന സംഭവത്തെ പാര്‍ലമെന്റില്‍ നിരവധി എം.പിമാര്‍ അഭിനന്ദിച്ച സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. രക്തത്തിനായി മുറവിളിക്കുകയല്ല പാര്‍ലമെന്റിന്റെ ചുമതലയെന്ന് ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ തരൂര്‍ പറഞ്ഞു.
നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കേണ്ടവരാണ് ജനപ്രതിനിധികള്‍. അതിക്രൂരമായ കുറ്റകൃത്യങ്ങളില്‍ എത്രയും വേഗം നീതി ലഭ്യമാക്കണമെന്ന ആവശ്യം എല്ലാവര്‍ക്കുമുണ്ടാകും. എന്നാല്‍, നീതി നിര്‍വഹണം നിയമസംവിധാനത്തിലൂടെ തന്നെയാവണം. ഹൈദരാബാദില്‍ നടന്നതിന്റെ വിശദാംശങ്ങള്‍ വ്യക്തമല്ല. പ്രതികള്‍ പൊലീസിനെ ആക്രമിച്ചപ്പോള്‍ പൊലീസ് തിരിച്ചടിച്ചതാണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെങ്കില്‍ ന്യായീകരിക്കാവുന്നതാണ്. അതേസമയം തന്നെ, ഏത് കുറ്റകൃത്യവും ശിക്ഷിക്കപ്പെടേണ്ടത് നീതിന്യായ പ്രക്രിയയിലൂടെ കടന്നുപോയ ശേഷമാണ്.
2012ലെ ഡല്‍ഹി നിര്‍ഭയ സംഭവത്തിന് ശേഷം ബലാത്സംഗത്തിനെതിരെ ശക്തമായ നിയമങ്ങള്‍ നമുക്കുണ്ട്. നിര്‍ഭാഗ്യവശാല്‍, നിയമങ്ങള്‍ കൊണ്ട് അതിക്രമങ്ങളെ നമുക്ക് തടയാനാവുന്നില്ല. സമഗ്രമായ നടപടികളാണ് ഇക്കാര്യത്തില്‍ വേണ്ടത്. ഗൗരവകരമായ ലിംഗസമത്വ ധാരണ നമുക്ക് വേണ്ടതുണ്ട്. അമ്മയും ദൈവങ്ങളും മാത്രമല്ല ബഹുമാനിക്കപ്പെടേണ്ടതെന്ന് നമ്മുടെ ആണ്‍കുട്ടികളെ പഠിപ്പിക്കണം.
നിയമസംവിധാനത്തിലെ വേഗതക്കുറവിനെയും വീഴ്ചകളെയും പലരും പഴിക്കുന്നുണ്ട്. ഉന്നാവോ, ഹൈദാരാബാദ്, കഠ് വ തുടങ്ങിയ കടുത്ത അതിക്രമങ്ങള്‍ നടക്കുമ്ബോള്‍ പ്രതികളുടെ രക്തത്തിനായി ആക്രോശമുയരാറുണ്ട്. എന്നാല്‍, ഇത്തരത്തില്‍ ശബ്ദമുയര്‍ത്തുക പാര്‍ലമെന്റിന്റെ ചുമതലയാണെന്ന് കരുതുന്നില്ല. നീതിന്യായ വ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യത്ത് നിയമവ്യവസ്ഥയെ മറികടന്നുള്ള നടപടികള്‍ നല്ലതല്ലെന്നാണ് താന്‍ കരുതുന്നത് -ശശി തരൂര്‍ പറഞ്ഞു.
