മസ്ക്കറ്റ് : ഇക്കഴിഞ്ഞ ഡിസംബറില്‍ 833 പ്രവാസികളെ നാടുകടത്തി ഒമാന്‍. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് പ്രവാസികളെ നാടുകടത്തിയതെന്നു ഒമാന്‍ അധികൃതര്‍ അറിയിച്ചു. ഇവര്‍ ഡിസംബര്‍ ഒന്നുമുതല്‍ 28 വരെയുള്ള കാലയളവില്‍ മസ്കത്ത് ഗവവര്‍ണറേറ്റില്‍ നിന്നുമാത്രം പിടിയിലായവരാണ്. ഡിസംബര്‍ 20 വരെ മാന്‍പവര്‍ മന്ത്രാലയം നടത്തിയ ഇന്സ്പെക്ഷന് കാമ്ബയിനില്‍ 644പേരാണ് അറസ്റ്റിലായത്. ഇതിനുംശേഷം 21 മുതല്‍ 28 വരെ നടന്ന പരിശോധനയില്‍ 189 പേരും പിടിയിലായി.
അതേസമയം ഡിസംബര്‍ 27നു ഒമാന്‍ മനുഷ്യശേഷി മന്ത്രാലയത്തിന്റെ പരിശോധന സംഘം 60 ലധികം അനധികൃത തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു.റോയല്‍ ഒമാന്‍ പോലീസുമായി സഹകരിച്ച് മന്ത്രാലയം പുലര്‍ച്ചെ മസ്കറ്റ്, സിദാബ്, അല്‍ ബസ്താന്‍ എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ തൊഴില്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയ 66 തൊഴിലാളികളാണ് പിടിയിലായത്. ഇവരില്‍ ഏഴ് വനിതാ തൊഴിലാളികളും ഉള്‍പ്പെടുന്നതായി മന്ത്രാലയം അറിയിച്ചിരുന്നു.
