ലോക കേരളസഭ ധൂര്‍ത്തിന്റെയും അഴിമതിയുടെയും പര്യായമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ലോകബാങ്ക് ഒന്നാംഘട്ട വായ്പയായി അനുവദിച്ച 1780 കോടിയില്‍ നിന്ന് വകമാറ്റിയാണ് ലോക കേരളസഭയുടെ പേരില്‍ മാമാങ്കം നടത്തുന്നതെന്നും അദ്ദേഹം കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
കേരളം അതീവഗുരുതരമായ സാമ്ബത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുമ്ബോഴാണ് ഈ ധൂര്‍ത്ത്. ട്രഷറികള്‍ സ്തംഭിച്ചിട്ട് മൂന്നു മാസമായി. ഒരൊറ്റ ബില്ലുപോലും മാറാന്‍ കഴിയാത്തതിനാല്‍ വികസന പ്രവര്‍ത്തനങ്ങളെല്ലാം മുടങ്ങിക്കിടക്കുന്നു. ശമ്ബളവും പെന്‍ഷനും നല്കുന്നതു പോലും കടം വാങ്ങിയാണ്. ഈ സമയത്താണ് പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കു ലഭിച്ച തുക പോലും വക മാറ്റുന്നത്. ലോകബാങ്ക് നിര്‍ദേശപ്രകാരം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ച തുക ഒരാഴ്ചയ്ക്കുള്ളില്‍ നിര്‍മാണച്ചുമതലയുള്ള റീ ബില്‍ഡ് കേരളയ്ക്കായി നല്‍കണം. അല്ലെങ്കില്‍ ഉയര്‍ന്ന പലിശ നല്‍കണമെന്നാണ് നിര്‍ദേശം.
പ്രൗഢഗംഭീരമായിരുന്ന ശങ്കരനാരായണന് തമ്ബി ഹാള്‍, രണ്ടു ദിവസത്തെ സമ്മേളനത്തിനു വേണ്ടി ഇടിച്ചു നിരത്തി 16.5 കോടി രൂപ ചെലവാക്കി പഞ്ചനക്ഷത്ര മാതൃകയില്‍ ഒരുക്കുകയായിരുന്നു. ആദ്യ കേരളസഭയ്ക്ക് 2.85 കോടിയും ഗള്‍ഫില്‍ നടന്ന മേഖലാസമ്മേളനത്തിന് 18.40 ലക്ഷവും ചെലവഴിച്ചു. എന്നിട്ടും പ്രവാസികള്‍ക്കുള്‍പ്പെടെ ഒരു പ്രയോജനവുമുണ്ടായില്ല. ഇത്തവണ ഇതിനെക്കാള്‍ കൂടുതല്‍ തുക ചെലവഴിക്കും. കഴിഞ്ഞ ലോക കേരളസഭയ്ക്കുശേഷം പ്രവാസികളായ പുനലൂരിലെ സുഗതനും ആന്തൂരിലെ സാജനും സ്വന്തം നാട്ടില്‍ സംരംഭം തുടങ്ങാന്‍ ശ്രമിച്ചതിന്റെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടി വന്നു. മരണശേഷവും ഈ രണ്ടുപേര്‍ക്കും നീതി ലഭ്യമാക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ വീണ്ടും ലോക കേരളസഭ നടത്തുന്നത് കാപട്യമാണ്.
ഒന്നാം ലോക കേരളസഭ മുന്നോട്ടുവച്ച 60 നിര്‍ദേശങ്ങളില്‍ ചുരുക്കം ചിലതു മാത്രമാണ് നടപ്പാക്കാനായത്. പുതുവര്‍ഷത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങളെല്ലാം തട്ടിപ്പാണ്. കഴിഞ്ഞ ബജറ്റുകളിലും ഗവര്‍ണറുടെ നയപ്രഖ്യാപനങ്ങളിലും നടത്തിയ പഴയ പ്രഖ്യാപനങ്ങളാണ് പുതിയതെന്ന രീതിയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഒന്നേകാല്‍ ലക്ഷം ഫയലുകളാണ് ജനുവരി ഒന്നുവരെ സെക്രട്ടേറിയറ്റില്‍ മാത്രം കെട്ടിക്കിടക്കുന്നത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ മാതൃകയില്‍ മുഖ്യമന്ത്രിയും ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ്. പ്രതിപക്ഷ നേതാവ് പറഞ്ഞു.
