വിദ്യാര്‍ത്ഥികള്‍ പൂട്ടിയിട്ട പ്രിന്‍സിപ്പലിനെ മോചിപ്പിച്ചു; 10 വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് ചേളന്നൂര്‍ എസ്‌എന്‍ കോളേജില്‍ പ്രിന്‍സിപ്പലിനെ പൂട്ടിയിട്ട് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോളജ് യൂണിയന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ 10 വിദ്യാര്‍ഥികളെ ആണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അധ്യാപകനെ പുറത്താക്കിയതില്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്കില്ലന്ന നിലപാടിലാണ് പ്രിന്‍സിപ്പല്‍. പ്രിന്‍സിപ്പല്‍ ദേവപ്രിയയെ പൊലീസ് സുരക്ഷയില്‍ വീട്ടിലെത്തിച്ചു.

ചേളന്നൂര്‍ എസ്‌എന്‍ കോളജിലെ ഇംഗ്ലീഷ് വിഭാഗം താല്‍കാലിക അധ്യാപകനായ മുഹമ്മദ് സാഹിലിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ഥികളുടെ സമരം. പിജി ഒന്നാം വര്‍ഷ ക്ലാസില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തിയതിനെ തുടര്‍ന്നായിരുന്നു അധ്യാപകനെ പിരിച്ചു വിട്ടത്. അധ്യാപകനെ തിരിച്ചെടുക്കണം എന്ന ആവശ്യവുമായാണ് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പല്‍ ദേവിപ്രിയയെ ഉപരോധിച്ചത്.

രാവിലെ തുടങ്ങിയ ഉപരോധം വൈകിട്ടും തുടര്‍ന്നതോടെ യൂണിയന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു നീക്കി. എന്നാല്‍ അധ്യാപകന് വിദ്യാര്‍ഥികളെ നിയന്തിക്കാന്‍ കഴിയാത്തതിനാലാണ് പിരിച്ചു വിട്ടതെന്നാണ് പ്രിന്‍സിപ്പലിന്റെ പക്ഷം. തനിക്കെതിരെ ഉള്ള ആരോപണങ്ങളില്‍ കഴമ്ബില്ലന്നും വിദ്യാര്‍ത്ഥികളുടെ സമരം അനാവശ്യമാണെന്നും ഡോ ദേവിപ്രിയ പറഞ്ഞു. അതേ സമയം പ്രിന്‍സിപ്പലിന്റെ നിലപാടില്‍ പ്രതിഷേധിച്ചു സമരം ശക്തമാക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

കോഴിക്കോട് ചേളന്നൂര്‍ എസ് എന്‍ കോളേജില്‍ വിദ്യാര്‍ത്ഥി സമരം തുടരുന്ന സാഹചര്യത്തില്‍ രണ്ടുദിസത്തേക്ക് കോളേജിന് അവധി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *