തിരുവനന്തപുരം: തീരദേശ നിയമ ലംഘനം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും എന്നാല്‍, അതിന്റെ പേരില്‍ തീരദേശത്ത് വീട് വച്ചിട്ടുള്ള പാവപ്പെട്ടവരെ കുടിയൊഴിപ്പിക്കില്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് പറഞ്ഞു. നിലവിലെ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് നീളുമെന്ന യു.ഡി.എഫ് ആക്ഷേപം മന്ത്രി തള്ളി. വാര്‍ഡ് വിഭജനവും വോട്ടര്‍ പട്ടിക പുതുക്കലും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൃത്യമായാണ് നടക്കുന്നത്. മന്ത്രി എ.സി മൊയ്തീന് വ്യക്തമാക്കി.
പാവപ്പെട്ടവര്‍ക്കൊപ്പം നില്ക്കും
കേരളത്തില്‍ ഇനിയും നിയമം ലംഘിച്ച് കെട്ടിടങ്ങള്‍ പണിതിട്ടുണ്ടോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ യാതൊരു അന്വേഷണവുമുണ്ടാകില്ല. അതില്‍ തീരുമാനമെടുക്കേണ്ടതും കണ്ടെത്തേണ്ടതും സുപ്രീംകോടതി നിയോഗിച്ചിരിക്കുന്ന സമിതിയാണ്. കടല്‍ത്തീരത്ത് ഒട്ടേറെ പാവപ്പെട്ടവരാണ് വീട് വച്ചിരിക്കുന്നത്. അതൊന്നും നിയമ ലംഘനമായി കണക്കാക്കാന്‍ സംസ്ഥാന സര്‍ക്കാരിനാകില്ല. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ അത്തരത്തിലുള്ള ഒട്ടനവധി വിഷയങ്ങളുണ്ട്. നിയമം ലംഘിച്ച് വന്‍കിടക്കാര്‍ കെട്ടിടം ഉയര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് സര്‍ക്കാരിന് മുന്നില്‍ നിയമലംഘനം തന്നെയാണ്. എന്നാല്‍, പാവപ്പെട്ടവര്‍ക്കെതിരെ നടപടിയുണ്ടായാല്‍ സര്‍ക്കാര്‍ അതിനൊപ്പം നില്‍ക്കില്ല. ആ അടിസ്ഥാനത്തില്‍ കോടതി ഈ വിഷയത്തെ സമീപിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കോടതി പറഞ്ഞ രീതിയിലുള്ള അന്വേഷണം ഇപ്പോള്‍ നടക്കുന്നുണ്ട്. റിപ്പോര്‍ട്ട് വന്ന ശേഷം ബാക്കി കാര്യങ്ങള്‍ നോക്കാമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
നിയമം കര്‍ശനമാക്കും
മരട് വിഷയവുമായി ബന്ധപ്പെട്ടുള്ള തുടര്‍കാര്യങ്ങള്‍ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിന് പകരം നിലവിലെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ അനുസരിച്ച് കായലോരത്തും മറ്റും കെട്ടിടങ്ങള്‍ പണിയുമ്ബോള്‍ തീരദേശ പരിപാലന അതോറിട്ടിയുടെ അനുമതി വാങ്ങേണ്ടതുണ്ട്. ആ വ്യവസ്ഥകള്‍ ഏതെങ്കിലും തദ്ദേശ സ്ഥാപനങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്ന പരിശോധന ഇപ്പോള്‍ നടക്കുകയാണ്. എന്നാല്‍, നിയമത്തിന് വിധേയമായി തീരദേശ പരിപാലന അതേറിട്ടിയുടെ അനുമതി ലഭ്യമായവരെ സര്‍ക്കാര്‍ ഉപദ്രവിക്കില്ല. കേന്ദ്ര നിയമത്തില്‍ ഇപ്പോള്‍ ഒരുപാട് ഇളവുകള്‍ വരുത്തിയിട്ടുണ്ട്. ആ നിയമവുമായി ബന്ധപ്പെട്ട് തീരദേശ ജില്ലകളില്‍ മാപ്പിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. അത് കഴിഞ്ഞാല്‍ കുറേ കെട്ടിടങ്ങള്‍ നിയമലംഘന പരിധിയില്‍ നിന്ന് ഒഴിവാകുമെന്നാണ് ഞാന്‍ മനസിലാക്കുന്നത്.
മരടില്‍ മികച്ച ടീം
സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചത്. വിധി നടപ്പാക്കുന്നതിന് സാങ്കേതിക വിദഗ്ദ്ധരുള്പ്പടെയുള്ളവരുടെ നല്ലൊരു ടീമാണ് ജില്ലാ ഭരണകൂടത്തിനും തദ്ദേശസ്വയംഭരണസ്ഥാപനത്തിനും കീഴില്‍ പ്രവര്‍ത്തിച്ചത്.പാരിസ്ഥിതിക പ്രശ്നങ്ങളൊന്നുമില്ലാതെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി എന്നാണ് സര്‍ക്കാരിന് കിട്ടിയ റിപ്പോര്‍ട്ട്. പരിസരത്തെ കെട്ടിടങ്ങള്‍ക്കൊന്നും വലിയ കേടുപാടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. സ്വാഭാവികമായും ആ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി.
വോട്ടര്‍പട്ടിക ക്ലീയറാണ്
വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട യു.ഡി.എഫ് വിമര്‍ശനം ശരിയല്ല. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണ് വോട്ടര്‍ പട്ടിക തയാറാക്കുന്നത്. 2014ലെ വോട്ടര്‍ പട്ടിക വച്ച് വലിയ തോതിലുള്ള തയാറെടുപ്പ് നടത്തിയും പണം ചെലവാക്കിയുമാണ് 2015ലെ വോട്ടര്‍പട്ടികയ്ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് രൂപം നല്‍കിയത്. ആ ഡാറ്റാ ബേസിന് മുകളിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ സംസ്ഥാനത്ത് പുരോഗമിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ മാസം വരെ വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. അവിടെയെല്ലാം 2015ലെ വോട്ടര്‍പട്ടിക വച്ചാണ് പുതുക്കല്‍ ഉള്‍പ്പടെ നടന്നത്. യു.ഡി.എഫ് ആവശ്യപ്രകാരം ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക ഉപയോഗിച്ച് പുതിയത് തയാറാക്കിയാല്‍ അത് തിരഞ്ഞെടുപ്പ് നീട്ടേണ്ട സാഹചര്യമുണ്ടാക്കും. തിരഞ്ഞെടുപ്പ് കമ്മിഷന് നിലപാടെടുക്കട്ടെ എന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
വാര്‍ഡ് വിഭജനത്തിന് ബുദ്ധിമുട്ടില്ല
2001ലെ സെന്‍സസ് അനുസരിച്ചാണ് ഇപ്പോഴുള്ള വാര്‍ഡ് വിഭജനം നടന്നിരിക്കുന്നത്. പക്ഷേ, 38 മുനിസിപ്പാലിറ്റികള്‍ സംസ്ഥാനത്ത് പുതുതായി വന്നപ്പോള്‍ അവിടങ്ങളില്‍ 2011ലെ സെന്‍സസാണ് ഉപയോഗിച്ചത്. കേരളത്തിലെ മഹാഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലും 2001 സെന്‍സസും ചിലയിടങ്ങളില്‍ 2011 സെന്‍സസും എന്നത് യുക്തിക്ക് നിരക്കാത്തതാണ്. ഈ അശാസ്ത്രീയത പരിഹരിക്കാനാണ് വാര്‍ഡുകളുടെ പുനര്‍വിഭജനത്തിന് സര്‍ക്കാര്‍ തീരുമാനമെടുത്തത്. അതിനനുസരിച്ചാണ് ഒരു വാര്‍ഡ് കൂട്ടാനുള്ള തീരുമാനം. ആ ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ മുമ്ബിലാണ്. അതില്‍ യാതൊരു അശാസ്ത്രീയതയുമില്ല. വോട്ടര്‍പട്ടിക തയാറായാല്‍ ഉടന്‍ വാര്‍ഡ് വിഭജനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ സമാന്തരമായി ആരംഭിക്കും. വാര്‍ഡ് വിഭജിക്കാന്‍ സര്‍ക്കാരിന് യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ല.
