തിരുവനന്തപുരം: ദേശീയ പൗരത്വ രജിസ്റ്റര്‍ നപടികള്‍ പിന്‍വലിക്കാതെ സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും ഒളിച്ചുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്ബോഴും ഉദ്യോഗസ്ഥര്‍ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട നപടികളുമായി മുന്നോട്ടുപോകുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
2019 ല്‍ തന്നെ എന്‍പിആറുമായി മുന്നോട്ടുപോകാന്‍ ഉത്തരവിട്ടിരുന്നു. ഉത്തരവുകള്‍ നിലനില്‍ക്കുകയാണ്. ഉദ്യോഗസ്ഥര്‍ അതിനനുസരിച്ച് നീങ്ങുന്നതായും ചെന്നിത്തല പറഞ്ഞു. രഹസ്യമായി അമിത് ഷായുടേയും മോദിയുടേയും മുന്നില്‍ നല്ല പിള്ള ചമയാനാണ് പിണറായിയുടെ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു.
പൗരത്വ നിയമത്തിന്റെ പേരില്‍ രാഷ്ട്രീയനേട്ടത്തിനാണ് മുഖ്യമന്ത്രിയുടെ ശ്രമം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കു നേരെ കള്ളക്കേസ് ചുമത്തുന്ന സര്‍ക്കാര്‍ ബിജെപിയോട് മൃദുസമീപനമാണ് സ്വീകരിക്കുന്നത്. ബിജെപിയോട് മുഖ്യമന്ത്രിക്ക് മൃദുസമീപനമാണ്. കുറ്റ്യാടി ബിജെപി മാര്‍ച്ചിനെതിരെ നടപടിക്ക് പോലീസ് മടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎപിഎ ചുമത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാട് പ്രതിഷേധാര്‍ഹമാണ്. അലനും താഹയ്ക്കുമെതിരായി എന്ത് തെളിവാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു. ഇരുവര്‍ക്കുമെതിരായ ഒരുവിവരവും മുഖ്യമന്ത്രി പുറത്തുവിട്ടിട്ടില്ല. എന്‍ഐഎയുടെ കൈയില്‍ രണ്ട് ചെറുപ്പക്കാരെ എല്പ്പിച്ചതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്നും ചെന്നിത്തല പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് സര്‍ക്കാര്‍ കുളമാക്കിയെന്നും ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായ വാര്‍ഡ് വിഭജനമാണ് സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. നിലവില്‍ വാര്‍ഡ് വിഭജനത്തിന്റെ ആവശ്യമില്ല. അങ്ങേയറ്റത്തെ തെറ്റായ നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
