കേരളത്തില്‍ ലോഡ്ഷെഡ്ഡിങ് ഒഴിവാക്കാന്‍ സാധിച്ചു -മന്ത്രി ജി.സുധാകരന്‍

ആലപ്പുഴ: സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേരളത്തില്‍ ലോഡ്ഷെഡ്ഡിങ് ഒഴിവാക്കി നിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. 33 കെവി കളര്‍കോട് സബ്സ്റ്റേഷന്‍, പുന്നപ്ര കളര്‍കോട് ലൈനിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. അധികാരത്തില്‍ വന്ന ആദ്യ വര്‍ഷം തന്നെ സമ്ബൂര്‍ണ്ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കി. ഇപ്പോള്‍ അമ്ബലപ്പുഴ കെഎസ്‌ഇബി ഓഫീസ് കെട്ടിടം നിര്‍മ്മിക്കാന്‍ 67 ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും വൈദ്യുതിബില്‍ ഓണ്‍ലൈന്‍ സംവിധാനം വഴി ഏര്‍പ്പെടുത്തുന്നത് വ്യാപകമാക്കാനും കഴിഞ്ഞു. വൈദ്യുതി വിതരണ പ്രസരണത്തിലെ നഷ്ടം കുറയ്ക്കുക വഴി 110 കോടി രൂപ ലാഭമുണ്ടാക്കാനും സാധിച്ചു. 44 മാസത്തില്‍ 45 പുതിയ സബ്സ്റ്റേഷനുകള്‍ സ്ഥാപിച്ചത് ഒരു റെക്കോര്‍ഡ് ആയി കണക്കാക്കാമെന്ന് മന്ത്രി പറഞ്ഞു. 4000 കോടി രൂപയുടെ വിതരണശൃംഖല നവീകരണ പദ്ധതി നടപ്പിലാക്കി വരുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. ഊര്‍ജ സംരക്ഷണത്തിന്‍റെ കാര്യത്തില്‍ നീതി ആയോഗ് നടത്തിയ വിലയിരുത്തലില്‍ ഒന്നാം സ്ഥാനത്തെത്തിയത് കേരളമാണെന്നും മന്ത്രി പറഞ്ഞു.

5.8 കോടി രൂപയാണ് കളര്‍കോട് സബ്സ്റ്റേഷന്‍ അനുബന്ധ നിര്‍മാണങ്ങള്‍ക്ക് വേണ്ടിവന്നത്. സബ്സ്റ്റേഷന്‍ നിലവില്‍ വരുന്നതോടെ പുന്നപ്ര വാടക്കല്‍ വ്യവസായ വികസന പ്ലോട്ടിലേക്ക് ഗുണമേന്മയുള്ള വൈദ്യുതി ഇടതടവില്ലാതെ എത്തിക്കാനാകും. പറവൂര്‍ പുന്നപ്ര പ്രദേശങ്ങളിലും സബ്സ്റ്റേഷന്‍ ചുറ്റുമുള്ള സ്ഥലങ്ങളിലും ഏറിവരുന്ന ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് പരിഹാരമാകും. ആലപ്പുഴ മുനിസിപ്പാലിറ്റിയിലെയും പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന കുതിരപ്പന്തി, വാടയ്ക്കല്‍, കളര്‍കോട്, പറവൂര്‍, പുന്നപ്ര എന്നീ പ്രദേശങ്ങളിലെയും അമ്ബതിനായിരത്തോളം വരുന്ന ഉപഭോക്താക്കള്‍ക്ക് സബ്സ്റ്റേഷന്റെ പ്രയോജനം ലഭിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുഗോപാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം.ജുനൈദ്, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുവര്‍ണപ്രതാപന്‍, ബ്ലോക്ക് മെമ്ബര്‍ വി.മുരളീധരന്‍, കെ.എസ്.ഇ.ബി ജനറേഷന്‍്‍ വിഭാഗം ഡയറക്ടര്‍ ബ്രിജ് ലാല്‍, ജെയിംസ് എം.ഡേവിഡ്, പുന്നപ്ര വടക്ക് പഞ്ചായത്ത് അംഗം ടിന്‍റു ആന്റണി, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ ഉഷ വര്‍ഗീസ് , എച്ച്‌ സലാം തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *