ന്യൂഡല്‍ഹി: കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് നിരന്തരം ആരോപിക്കുന്ന കെസിബിസിക്കും കേരളത്തിലെ ബിജെപിക്കും ഒടുവില്‍ സമാധാനിക്കാം. കേരളത്തില്‍ ഇതുവരെ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്സഭയില്‍ വ്യക്തമാക്കിയിരിക്കുകയാണ്. ലോക്സഭയില്‍ ബെന്നി ബെഹ്നാന് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സഹമന്ത്രി ജി കിഷന് റെഡ്ഡി ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് കേരള സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ സിറോ മലബാര്‍ സഭ ലൗ ജിഹാദ് ഉണ്ടെന്ന് നിലപാടെടുത്തതോടെയാണ് സംശയം വീണ്ടും ഉയര്‍ന്നുവന്നത്. ഇതോടെയാണ് ചോദ്യവുമായി എംപി രംഗത്തെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകളിലും അന്വേഷണത്തിലും കേരളത്തില്‍ ലൗ ജിഹാദ് നടന്നതായി കണ്ടെത്തിയിട്ടില്ലെന്നാണ് വിശദീകരണം.
കേരളത്തില്‍ രണ്ട് മത വിഭാഗക്കാര്‍ തമ്മില്‍ വിവാഹം നടന്നിട്ടുണ്ടെന്നും എന്നാല്‍ എന്‍ഐഐ അടക്കം അന്വേഷിച്ചിട്ടും ലൗ ജിഹാദ് നടന്നതായി കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.
നേരത്തെ സിറോ മലബാര്‍ സഭ സിനഡിലും കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഐഎസിലേക്ക് ഇതുവഴി എത്തിപ്പെടുകയാണെന്നും ആരോപിച്ചിരുന്നു. സംസ്ഥാന സര്്കകാരും പോലീസും ഇതിനോട് വേണ്ടവിധത്തില്‍ ഗൗരവം നല്‍കുന്നില്ലെന്നായിരുന്നു സിനഡില്‍ ഉയര്‍ന്ന അഭിപ്രായം ഇതിന് പിന്നാലെ, ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിന് സര്‍ക്കാരിന്റെ നിലപാടും കാരണമാണെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ആരോപിച്ചിരുന്നു.
