മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വനിതാ ലീഗ് സുപ്രീം കോടതിയില്‍

പാര്‍ലമെന്റ് പാസ്സാക്കിയ മുത്തലാഖ് നിയമത്തിന് എതിരെ വനിതാ ലീഗ് സുപ്രീം കോടതിയെ സമീപിച്ചു.മുത്തലാഖ് ക്രിമിനല്‍ കുറ്റം ആക്കുന്ന നിയമം അത്യന്തം സ്ത്രീ വിരുദ്ധവും, കുടുംബ ബന്ധങ്ങള്‍ക്ക് എതിരുമാണ് എന്നാരോപിച്ചാണ് വനിത ലീഗ് സുപ്രീം കോടതിയെ സമീപിച്ചത്. വനിതാ ലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് ആണ് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

മുത്തലാഖ് നിയമവിരുദ്ധം ആണെന്ന് സുപ്രീം കോടതി വിധിച്ചതോടെ മൂന്ന് തലാഖ് ചൊല്ലി ആര്‍ക്കും വിവാഹ മോചനം ലഭിക്കില്ല. അത് കൊണ്ട് തന്നെ മുത്തലാഖ് നിരോധിക്കാനുള്ള നിയമം അനിവാര്യമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മുത്തലാഖ് ചൊല്ലിയതിന്റെ പേരില്‍ ക്രിമിനല്‍ കുറ്റം ചുമത്തിയാല്‍ ഭര്‍ത്താവിനെ ജയിലില്‍അടയ്ക്കുന്നത് ഭാര്യയെയും കുട്ടികളെയും അനാഥമാക്കും. വിവാഹത്തിലെ തര്‍ക്കം ഏതെങ്കിലും തരത്തില്‍ ഒത്ത് തീര്‍ക്കാന്‍ സാധ്യത ഉണ്ടെങ്കില്‍ അത് പൂര്‍ണ്ണമായും അവസാനിക്കുമെന്നും നൂര്‍ബിന റഷീദ് തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. നൂര്‍ബിന റഷീദിന് വേണ്ടി അഭിഭാഷകന്‍ ആയ സുള്‍ഫിക്കര്‍ അലി ആണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

മുത്തലാഖ് ക്രിമിനല്‍ കുറ്റം ആക്കുന്ന നിയമം ചോദ്യം ചെയ്ത് നല്‍കിയ വിവിധ ഹര്‍ജികളില്‍ സുപ്രീം കോടതി നേരത്തെ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത് വരെയും മറുപടി നല്‍കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *