ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ആറാഴ്ചത്തേക്ക് മാറ്റിവച്ച ഡല്‍ഹി ഹൈക്കോടതി നടപടിയെ വിമര്‍ശിച്ച് സുപ്രിംകോടതി. ഹൈക്കോടതി നടപടി ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി. അതേസമയം, ജസ്റ്റിസ് എസ് മുരളിധറിനെതിരെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വിമര്‍ശനം ഉന്നയിച്ചു.
ഹര്‍ജികള്‍ പരിഗണിക്കുന്നത് ഏപ്രില്‍ പതിമൂന്നിലേക്ക് മാറ്റിയ ഡല്‍ഹി ഹൈക്കോടതി നടപടി ഉചിതമായിരുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെ പറഞ്ഞു. ശരിയായ സമയത്ത് കേള്‍ക്കണമായിരുന്നു. ഹര്‍ജികള്‍ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കുകയും വേഗത്തില്‍ തീര്‍പ്പാക്കുകയും വേണം. വിദ്വേഷ പ്രസംഗം നടത്തിയ നേതാക്കള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാഹചര്യം അനുകൂലമായോ എന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. അക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിടുന്നതാകും ഉചിതമെന്ന് സോളിസിറ്റര്‍ ജനറല്‍ നിലപാട് വ്യക്തമാക്കി.
ഇതിനിടെ, ബിജെപി നേതാക്കള്‍ക്കെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട പൊതുപ്രവര്‍ത്തകനായ ഹര്‍ഷ് മന്ദേര്‍, വിദ്വേഷ പ്രസംഗം നടത്തിയെന്ന് സോളിസിറ്റര്‍ ജനറല്‍ ആരോപിച്ചു. സുപ്രിംകോടതിയില്‍ വിശ്വാസമില്ലെന്നും യഥാര്‍ത്ഥ നീതി തെരുവിലാണ് നടപ്പാകുകയെന്നുമായിരുന്നു പരാമര്‍ശം. ഇക്കാര്യത്തില്‍ വ്യക്തതയുണ്ടായ ശേഷം ഹര്‍ഷ് മന്ദേറിന്റെ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി.
