കോവിഡ് വൈറസ് ബാധ തടയുന്നതിനുള്ള സാനിറ്റൈസറിന്റെ ക്ഷാമം മറികടക്കാന് ഗവണ്മെന്റിനെ സഹായിക്കുന്നത് എക്സൈസ് വകുപ്പ്. തൊണ്ടിമുതലായ സ്പിരിറ്റ് മുതല് ഗവണ്മെന്റ് നിയന്ത്രണത്തിലുള്ള ഡിസ്റ്റിലറിയില് നിന്നുള്ള സ്പിരിറ്റു വരെയാണ് സാനിറ്റൈസര് നിര്മാണത്തിനു സര്ക്കാരിനു കൈമാറിയത്. ആവശ്യമെങ്കില് സര്ക്കാര് സ്ഥാപനങ്ങള്ക്ക് ഇനിയും സ്പിരിറ്റ് കൈമാറുമെന്നു മന്ത്രി ടി പി രാമകൃഷ്ണന് അറിയിച്ചു.
വിവിധ കേസുകളിലായി പിടികൂടിയ 5000 ലീറ്റര് സ്പിരിറ്റാണ് സാനിറ്റൈസര് നിര്മാണത്തിനായി ഇതുവരെ സര്ക്കാരിനു കൈമാറിയത്. മെഡിക്കല് കോളജ്, ഫാര്മസി,പൊതുമേഘലാ സ്ഥാപനങ്ങള് ,ജയിലുകള് എന്നിവര്ക്കാണ് എക്സൈസ് വകുപ്പ് സ്പിരിറ്റ് നല്കിയത്. ഐസലേഷന് വാര്ഡുകളിലെ ശുചീകരണത്തിനു സഹായം തേടിയ ആരോഗ്യവകുപ്പിനു മാത്രം നല്കിയത് 2700 ലീറ്റര് സ്പിരിറ്റ്. മദ്യം നിര്മിക്കാന് ഉപയോഗിക്കുന്ന എക്സ്ട്രാ ന്യൂട്രല് ആല്ക്കഹോളാണ് സാനിറ്റൈസറിന്റെ പ്രധാന ചേരുവ. എക്സൈസ് പിടികൂടുന്ന സ്പിരിറ്റ് കോടതി വഴി സാക്ഷ്യപ്പെടുത്തി വില്ക്കുകയോ, നശിപ്പിച്ചു കളയാറോ ആണ് പതിവായി ചെയ്യുന്നത്. സര്ക്കാര് പൊതുമേഘലാസ്ഥാപനങ്ങള്ക്കായി സ്പിരിറ്റ് ഇനിയും ലഭ്യമാക്കുമെന്നു മന്ത്രി പറഞ്ഞു
തൊണ്ടിമുതലിനു പുറമേ സംസ്ഥാനത്തെ ഏക സ്പിരിറ്റ് നിര്മാണ യൂണിറ്റായ ട്രാവന്കൂര് ഷുഗേഴ്സ് ആന്റ് കെമിക്കല്സില് നിന്നുള്ള സ്പിരിറ്റും സാനിറ്റൈസര് നിര്മാണത്തിനു കൈമാറി.
