വനിതാദിനത്തില്‍ സ്ത്രീ സംരംഭകരുമായി സംവദിച്ച്‌ വ്യവസായ മന്ത്രി

വനിതാ ദിനത്തില്‍ സ്ത്രീ സംരംഭകരുമായി ആശയവിനിമയം നടത്തിയും അവര്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്തും വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. ഭാര്യ പി കെ ഇന്ദിരയോടൊപ്പം കീച്ചേരിയിലെ വീട്ടുമുറ്റത്തിരുന്നാണ് മന്ത്രി വനിതാ സംരംഭകരുടെ ‘വര്‍ത്തമാനങ്ങള്‍’ കേട്ടത്.
തറിയുടെ നാടായി അറിയപ്പെടുന്ന ജില്ലയില്‍ സവിശേഷമായ കൈത്തറി ഗ്രാമം ഒരുക്കാനുള്ള തന്റെ സ്വപ്‌ന പദ്ധതിയെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞു. വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുന്ന വിധത്തിലായിരിക്കും കൈത്തറി ഗ്രാമം നിര്‍മിക്കുക. 100ലേറെ തറികളില്‍ മികച്ചയിനം കൈത്തറി പട്ടിലുള്ള ഫാഷന്‍ വസ്ത്രങ്ങള്‍ നിര്‍മിച്ച്‌ ദേശീയ-അന്തര്‍ദേശീയ കമ്ബോളങ്ങളിലെത്തിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായുള്ള പദ്ധതി രേഖ സര്‍ക്കാരിന്റെ പരിഗണനയിലാണ്. കൈത്തറി കേന്ദ്രങ്ങളോടൊപ്പം നെയ്ത്തുകാര്‍ക്കും കുടുംബങ്ങള്‍ക്കും താമസിക്കാനുള്ള വീടുകള്‍, അംഗണവാടികള്‍, നഴ്‌സറികള്‍, കുട്ടികള്‍ക്ക് കളിക്കാനും പഠിക്കാനുമുള്ള കേന്ദ്രങ്ങള്‍, ഹെല്‍ത്ത് ക്ലബ്, എന്റര്‍ടെയിന്‍മെന്റ് പാര്‍ക്ക് തുടങ്ങിയ സൗകര്യങ്ങളോട് കൂടിയതായിരിക്കും കൈത്തറി ഗ്രാമം. മരങ്ങളും ചെടികളും വച്ചുപിടിപ്പിച്ച്‌ മനോഹരമായ ചുറ്റുപാടുകള്‍ ഉള്‍ക്കൊള്ളുന്നതാവും ഇത്. മികച്ച ഒരു ടൂറിസം കേന്ദ്രമായി കൂടിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കൈത്തറി ഗ്രാമത്തിനായി അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *