മലപ്പുറംലോക്ഡൗണ്‍ കാലത്ത് ദൈവത്തിന്റെ മാലാഖമാര്‍ കണ്‍വെന്റില്‍ വെറുതെ ഇരിക്കുകയല്ല. അവരും തിരക്കിലാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാനായി മാസ്‌ക് നിര്‍മാണത്തില്‍ ഏറെ നേരവും വ്യാപൃതരാണവര്‍. മലപ്പുറം സെന്റ്‌ജെമ്മാസ് കോണ്‍വെന്റിലെ 16 സിസ്റ്റര്‍മാരാണ് എം.എസ്.പി പോലീസിനായി മൂന്ന് ലെയറുള്ള 5,000 മാസ്‌ക് നിര്‍മിക്കാന്‍ മുന്നോട്ട് വന്നത്. ലോക്ക് ഡൗണ്‍ കാലത്ത് കോണ്‍വെറ്റിലിരുന്ന് ഏങ്ങിനെ ജനങ്ങളെ സേവിക്കാന്‍ കഴിയുമെന്ന് ചിന്തിച്ചിരിക്കെയാണ് വാര്‍ഡ് കൗണ്‍സിലര്‍ ശശിമാസ്റ്ററുടെ ഒരു നിര്‍ദേശം ഇവരുടെ മുന്നിലെത്തിയത്. മാസ്‌ക് ഒരുക്കാനുള്ള സംവിധാനം ചെയ്താല്‍ തയ്യാറാക്കി നല്‍കുമോ എന്നായിരുന്നു കൗണ്‍സിലറുടെ ചോദ്യം. സേവനം നല്‍കാന്‍ പാത കാത്തിരുന്ന സിസ്റ്റര്‍മാര്‍ ഉടനെ ഈ ദൗത്യം ഏറ്റെടുത്തു. എന്നാല്‍ മാസ്‌ക് ഒരുക്കാന്‍ രണ്ട് തയ്യല്‍ മെഷീന്‍ മാത്രമേ ഇവരുടെ പക്കലുണ്ടായിരുന്നുള്ളു. കൂടുതല്‍ തയ്യല്‍ മെഷീന്‍ എത്തിച്ചാല്‍ പ്രവര്‍ത്തനം വേഗത്തിലാക്കാമെന്ന് സിസ്റ്റര്‍മാര്‍ അറിയിച്ചതോടെ സമീപത്തെ വീടുകളില്‍ നിന്നും മറ്റും തയ്യല്‍ മെഷീന്‍ കൗണ്‍സിലര്‍ കോണ്‍വെന്റിലെത്തിച്ചു. ഇതിനുള്ള തുണിത്തരങ്ങളും എത്തിച്ചു. ഇപ്പോള്‍ കോണ്‍വെന്റില്‍ രാത്രി ഏറെ വൈകിയും സിസ്റ്റര്‍മാര്‍ മാസ്‌ക് തയ്യാറാക്കുന്ന തിരക്കിലാണ്. വളരെ സൂക്ഷ്തമയുള്ള മാസ്‌ക് നിര്‍മാണത്തോടൊപ്പം മഹാമാരിയുടെ പിടിയില്‍ നിന്ന് ലോകത്തെ രക്ഷിക്കാനുള്ള പ്രാര്‍ഥനയും സിസ്റ്റര്‍മാരെ മുടങ്ങാതെ നടത്തുന്നു. കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ ജോസിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
