കോഴിക്കോട്: ജില്ലയില്‍ കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ച രോഗ ബാധിതന്റെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. വിദേശ യാത്രാ പശ്ചാത്തലമോ മറ്റോ ഇല്ലാത്ത എടച്ചേരിയിലെ 67കാരന്റെ റൂട്ട മാപ്പാണ് പ്രസിദ്ധീകരിച്ചത്. ഇദ്ദേഹത്തിന്റെ മക്കള്‍ ദുബായില്‍ നിന്നും തിരിച്ച് വന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായതിനാല്‍ ഇവരില്‍ നിന്നുള്ള സമ്ബര്‍ക്കത്തിലൂടെ രോഗം പടര്‍ന്നതാവാമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിഗമനം.
ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച പതിമൂന്നാമത്തെ വ്യക്തിയുടെ രണ്ടു മക്കള്‍ മാര്‍ച്ച് 18 നാണ് വിദേശത്തുനിന്ന് എത്തിയത് . തുടര്‍ന്ന് ഹോം ഐസൊലേഷനില്‍ കഴിയുകയായിരുന്നു . ചെറുതായി രോഗലക്ഷണങ്ങള്‍ പ്രകടമായതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ച പ്രകാരം മാര്‍ച്ച് 24 ന് 5.30 ഓടെ ഇദ്ദേഹത്തെ സ്വകാര്യ വാഹനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് ട്രിയാജില്‍ പരിശോധനയ്ക്കായി എത്തിച്ചു . പരിശോധനകള്‍ക്ക് ശേഷം കോവിഡ് ചികിത്സാ മാര്‍ഗരേഖക്ക് അനുസരിച്ച് വീട്ടില്‍ ഐസോലേഷന്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചു . രാവിലെ 10.30 ഓടെ അതേ വാഹനത്തില്‍ തിരിച്ചുപോവുകയും രാത്രി 11.55 ന് വീട്ടിലെത്തി ഹോം ഐസൊലേഷന്‍ കഴിയുകയും ചെയ്തു.
മാര്‍ച്ച് 31ന് വീണ്ടും രോഗലക്ഷണങ്ങള്‍ പ്രകടമായതിനാല്‍ എടച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്വകാര്യ വാഹനത്തില്‍ രാവിലെ 11.30 മണിയോടെ പരിശോധനയ്ക്കായി എത്തി. ഡോക്ടറുടെ നിര്‍ദേശപ്രകാരം തുടര്‍ പരിശോധനകള്‍ക്കായി സ്വകാര്യ വാഹനത്തില്‍ പുറപ്പെട്ട് ഉച്ചയ്ക്ക് 12.30ഓടെ വടകര താലൂക്ക് ആശുപത്രിയില്‍ ചെന്നു . വടകര താലൂക്ക് ആശുപത്രിയിലെ പരിശോധനകള്‍ക്കു ശേഷം ഉച്ചയ്ക്ക് 2.30 ഓടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി . വടകര താലൂക്ക് ആശുപത്രിയില്‍ നിന്നും ആംബുലന്‍സില്‍ 3.30 ഓടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചേരുകയും ചെയ്തു. എന്നാല്‍ മെഡിക്കല്‍ കോളജിലെ പരിശോധനയില്‍ കാര്യമായ രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്തതിനാല്‍ വീട്ടില്‍ ഐസോലേഷന്‍ കഴിയാന്‍ നിര്‍ദേശിച്ചു ആംബുലന്‍സില്‍ തിരിച്ചയച്ചു. തുടര്‍ന്ന് വൈകീട്ട് ആറ് മണിയോടെ വീട്ടില്‍ തിരികെയെത്തി.
ഏപ്രില്‍ ഒന്നിന് രാവിലെ പതിനൊന്നു മണിയോടെ വടകരയുള്ള തണല്‍ ക്ലിനിക്കില്‍ പരിശോധനയ്ക്കായി എത്തി. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം എക്‌സറേ എടുക്കാനായി 11.45 ഓടെ വടകര തന്നെയുള്ള സി എം ആശുപത്രിയിലെത്തി. 12.15 ഓടെ എക്‌സറേ എടുത്തതിനുശേഷം, 12 30 ഓടെ തണല്‍ ക്ലിനിക്കില്‍ തിരികെയെത്തി. പരിശോധനകള്‍ക്കു ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചെങ്കിലും, സ്വകാര്യ വാഹനത്തില്‍ കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ ഉച്ചയ്ക്ക് 2.45 എത്തി അവിടെ ഐസോലേഷന്‍ വാര്‍ഡില്‍ അഡ്മിറ്റായി.
തുടര്‍ന്ന് രണ്ടാം തിയതി ഇദ്ദേഹത്തില്‍ നിന്ന് സാമ്ബിള്‍ ശേഖരിക്കുകയും പരിശോധനയ്ക്ക് അയക്കുകയും ചെയ്തു .എന്നാല്‍ ഫലം നെഗറ്റീവായിരുന്നു . ഇതിനുശേഷവും ഈ വ്യക്തി ഇഖ്‌റ ആശുപത്രിയില്‍ ഐസൊലേഷനില്‍ തന്നെയായിരുന്നു.ഒന്‍പതിന് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരം ഇദ്ദേഹത്തിന്റെ സാമ്ബിള്‍ വീണ്ടും ശേഖരിക്കുകയും പരിശോധനയ്ക്കായി അയക്കുകയും ചെയ്തു.
10 ന് രാത്രി 8.45ന് ഡിസ്ചാര്‍ജ് ചെയ്യുകയും, ടാക്‌സി കാറില്‍ രാത്രി 10.45 ഓടെ വീട്ടിലെത്തുകയും ചെയ്തു. തുടര്‍ന്ന് ഒന്‍പതിന് അയച്ചസാമ്ബിള്‍ പോസിറ്റീവ് ആണെന്ന പരിശോധനാഫലം ലഭിച്ച ഉടനെ ഇദ്ദേഹത്തെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി .
