ദുബായ്: യു.എ.ഇയിലുള്ള വിദേശികളില്‍ കോവിഡ് രോഗബാധിതരല്ലാത്തവരെ മാത്രമേ സ്വദേശങ്ങളിലേക്ക് പോകാന്‍ അനുവദിക്കുവെന്ന് ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി വ്യക്തമാക്കി. യു.എ.ഇ വിടാന്‍ ആഗ്രഹിക്കുന്നവരെ കോവിഡ് പരിശോധനക്ക് വിധേയമാക്കുമെന്നും ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ യാത്രാനുമതിയുണ്ടാകൂ എന്നും സ്ഥാനപതി ഡോ.അഹമ്മദ് അബ്്ദുള് റഹ്മാന് അല്‍ ബന്ന പറഞ്ഞു.പാകിസ്ഥാന് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ പൗരന്മാരെ സ്വന്തം നാട്ടിലേക്ക് കൊണ്ടു പോകാന്‍ ആലോചിക്കുന്ന പശ്ചാത്തലത്തിലാണ് യു.എ.ഇയുടെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.
വിദേശികള്‍ രാജ്യം വിട്ടു പോകുന്നതിന് രണ്ട് നിബന്ധനകളാണ് യു.എ.ഇ മുന്നോട്ടു വക്കുന്നത്. ഒന്നാമത്തേത്, ഇവര്‍ കോവിഡ് പരിശോധനക്ക് തയ്യാറാകണമെന്നും പോസിറ്റീവ് ആണെങ്കില്‍ ചികില്‍സ പൂര്‍ത്തിയാക്കാനായി യു.എ.ഇയില്‍ തന്നെ താമസിക്കുകയും വേണം. രണ്ടാമത്തേത്, യു.എ.ഇ വിടാനുള്ള തീരുമാനം ഓരോരുത്തരുടേയും സ്വന്തം തീരുമാന പ്രകാരമായിരിക്കണം.
ഇന്ത്യയും യു.എ.ഇയും തമ്മില്‍ മികച്ച ബന്ധമാണുള്ളതെന്നും അത് നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, എല്ലാ രാജ്യങ്ങളും അവരുടെ പൗരന്മാരെ യു.എ.ഇയില്‍ നിന്ന് കൊണ്ടു പോകണമെന്ന് യു.എ.ഇ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. തയ്യാറാകാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ പുനപരിശോധിക്കുന്നതുള്പ്പടെയുള്ള നടപടികള്‍ എടുക്കുമെന്നും വ്യക്തമാക്കിയിരുന്നു.
