കല്‍പ്പറ്റ: മേപ്പാടി കുന്നംമ്ബറ്റയില്‍ കേഴമാനിനെ വേട്ടയാടുന്നതിനിടെ നായാട്ട്‌സംഘത്തിലെ രണ്ടു പേര്‍ വനം വകുപ്പിന്റെ പിടിയിലായി. നായാട്ടു സംഘം കാട്ടില്‍ കയറിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ആറു പേര്‍ ഓടിരക്ഷപ്പെട്ടു. പുത്തൂര്‍വയല്‍ മണല്‍കുനി സുഭാഷ് (30 ) കല്‍പ്പറ്റ നെടുങ്ങോട് മാണിക്കോത്ത് കുനിയില്‍ പ്രജീഷ് (35) എന്നിവരാണ് പിടിയിലായത്.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കുന്നംമ്ബറ്റയിലെ സ്വകാര്യ എസ്‌റ്റേറ്റില്‍ മൃഗവേട്ട നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ രാത്രി മുതല്‍ തോട്ടത്തില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ രാത്രി മുതല്‍ വിവിധ സംഘങ്ങളായി ഉദ്യോഗസ്ഥര്‍ തോട്ടത്തില്‍ നിലയുറപ്പിച്ചു.
പുലര്‍ച്ചെ വെടിയുതിര്‍ത്ത ശബ്ദം കേട്ടതോടെ നടത്തിയ പരിശോധനയില്‍ രണ്ടു പേരെ പിടികൂടി. മേപ്പാടി വന മേഖലയില്‍ നിന്നും വേട്ടയാടിയ കേഴമാനിന്റെ ജഡവും പ്രതികളില്‍ നിന്നും കണ്ടെടുത്തു.എന്നാല്‍, കൂടെയുണ്ടായിരുന്ന ആറു പേര്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
