ലഖ്‌നൗ: മറ്റ് സംസ്ഥാനങ്ങളില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന എല്ലാ യുപി തൊഴിലാളികളെയും അവിടെ നിന്ന് തിരിച്ചുകൊണ്ടു വരാനൊരുങ്ങി യുപി സര്‍ക്കാര്‍. ഇതിനായി പദ്ധതി തയ്യാറാക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. തൊഴിലാളികളുടെ പട്ടിക തയ്യാറാക്കുവാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് മടങ്ങേണ്ട ആവശ്യമില്ലാത്ത വിധം ഇവിടെ ജോലി നല്‍കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
അടുത്ത ആറുമാസത്തിനുള്ളില്‍ 15 ലക്ഷത്തോളം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സമ്ബദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി പ്രവര്‍ത്തിക്കാന്‍ ആദിത്യനാഥ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു.തൊഴിലാളികളെ തിരിച്ചുകൊണ്ടുവരുമ്ബോള്‍ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കുന്നതിന് മുമ്ബ് ക്വറന്റീനില്‍ പ്രവേശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ തൊഴിലാളിക്കും വീട്ടില്‍ പോകുമ്ബോള്‍ 1,000 രൂപയും റേഷന്‍ കിറ്റും നല്‍കും.
ഒരാഴ്ചയ്ക്കുള്ളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി പദ്ധതി തയ്യാറാക്കാന്‍ എല്ലാ വകുപ്പുകളെയും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. തിരിച്ചെത്തുന്ന തൊഴിലാളികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സമ്ബദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്നിവയാണ് പുതിയ വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗ്രാമീണ തലത്തില്‍ കോമണ്‍ സര്‍വീസ് സെന്റര്‍ വഴി തൊഴില്‍ നല്‍കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇതിനായി ഈ പ്ലാറ്റ്ഫോം ശക്തിപ്പെടുത്തണം.
കൂടാതെ തൊഴിലാളികള്‍ക്ക് മൊബൈല്‍ റിപ്പയറിംഗുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കിക്കൊണ്ടും തൊഴില്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പോളിടെക്നിക്സ്, സയന്‍സ് ലാബുകള്‍, ഐടിഐകള്‍ എന്നിവയുമായി സഹകരിച്ച് പരിശീലനം നല്‍കാനും നിര്‍ദ്ദേശിച്ചു. ലോക്ക് ഡൌണിനുശേഷം, തൊഴില്‍ മേള നടത്തി തൊഴിലവസരങ്ങള്‍ നല്‍കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബാങ്കുകളുമായി ഏകോപിപ്പിച്ച് ഉപഭോക്തൃ സേവന കേന്ദ്രങ്ങളെക്കുറിച്ച് ഒരു പദ്ധതി ആവിഷ്‌കരിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.
