സൗദിയില്‍ പുതുതായി 1172 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സൗദിയില്‍ ഇന്ന് 1172 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പതിനയ്യായിരം കവിഞ്ഞു. ഇന്ന് ആറ് പേരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 127 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 2049 ആയി. 12926 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മദീനയില്‍ 272 പേര്‍ക്കും മക്കയില്‍ 242 പേര്‍ക്കും ജിദ്ദയില്‍ 210 പേര്‍ക്കും റിയാദില്‍ 131 പേര്‍ക്കും ഇന്ന് അസുഖം സ്ഥിരീകരിച്ചു. 124 പേര്‍ക്കാണ് ഇന്ന് രോഗമുക്തി.

അതേസമയം, സൗദിയില്‍ കോവിഡ് രോഗികളെ ചികിത്സിക്കാന്‍ റോബട്ടും. ജിദ്ദയിലെ കിങ് അബ്ദുല്ല മെഡിക്കല്‍ ‍കോംപ്ലക്സിലാണ് റോബട് ചാര്‍ജെടുത്തിരിക്കുന്നത്. കോവിഡ് രോഗ ലക്ഷണങ്ങളുള്ളവരെ പരിശോധിച്ച്‌ ടെസ്റ്റ് നടത്തുന്നത് ഇനി റോബട് ആയിരിക്കും. രോഗികള്‍ക്കും ആരോഗ്യജീവനക്കാര്‍ക്കും കോവിഡ് പകരുന്നത് തടയുന്നതിന്റെ ഭാഗമായാണ് റോബട്ടിനെ രംഗത്ത് ഇറക്കിയിരിക്കുന്നത്. സ്റ്റെതസ്കോപ്, ഓട്ടോ സ്കോപ്, ഐ ക്യാമറ, ചര്‍മം പരിശോധിക്കാനുള്ള പ്രത്യേക ക്യാമറ എന്നിവ സ്ഥാപിച്ചതാണ് റോബട്ടെന്ന് കിങ് അബ്ദുല്ല മെഡിക്കല്‍ ‍കോംപ്ലക്സ് ജനറല്‍ സൂപ്പര്‍വൈസര്‍ ഡോ. ഖാലിദ് അല്‍ തുമൈലി പറഞ്ഞു.

റോബട് രോഗിയുടെ അടുത്ത് എത്തുന്നതോടെ തന്നെ സെന്‍സറും ക്യാമറകളും കര്‍മനിരതരായി വിവരങ്ങള്‍ ശേഖരിക്കും. ഈ വിവരങ്ങള്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും കംപ്യൂട്ടര്‍ സ്ക്രീനിലൂടെ നിരീക്ഷിക്കാനും രോഗിയോട് ആശയവിനിമയം നടത്താനും സാധിക്കും. ആവശ്യമെങ്കില്‍ രോഗിയുടെ എക്സറേ എടുക്കാനും രോഗവിവരങ്ങള്‍ സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷന്‍ വഴി ഡോക്ടറെ അറിയിക്കാനും റോബടിനു സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *