ഇനി മത്സരിക്കാന്‍ ആഗ്രഹമില്ല, കോളജിലേക്ക്​ മടങ്ങണം -കെ.ടി ജലീല്‍

തിരുവനന്തപുരം: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമില്ലെന്ന്​ മന്ത്രി കെ.ടി ജലീല്‍. സ്വകാര്യ ചാനലിന്​ നല്‍കിയ അഭിമുഖത്തിലാണ്​ ജലീല്‍ തന്‍െറ അഭിപ്രായം പ്രകടിപ്പിച്ചത്​. നിലവില്‍ തവനൂര്‍ മണ്ഡലത്തേയാണ്​ ജലീല്‍ പ്രതിനിധാനം ചെയ്യുന്നത്​.

ഞാന്‍ മൂന്നുവട്ടം മത്സരിച്ചു. ഇത്തവണ മന്ത്രിയായി. ഇനി മത്സരിക്കുമോ എന്നുചോദിച്ചാല്‍ വ്യക്തിപരമായി ഇല്ല എന്നാണ്​ മറുപടി. എനിക്ക്​ എന്‍െറ കോളജിലേക്ക്​ മടങ്ങണം. കോളജ്​ അധ്യാപകനായി വിരമിക്കണം.

ഈ ആഗ്രഹം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണനെയും മലപ്പുറം ജില്ല സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസിനെയും പാലോളിയെയും അറിയിച്ചുണ്ട്​. അനാഥനായ കാലത്ത് തുണയായതും തണലായതും സിപിഎം ആണ്. പാര്‍ട്ടി എന്തുപറയുന്നോ അത് അനുസരിക്കും.

തിരൂരങ്ങാടി പി.എസ്​.എം.ഒ കോളജിലാണ്​ ജലീല്‍ പഠിച്ചതും അധ്യാപകനായതും. പി.എസ്​.എം.ഒയുമായി തനിക്ക്​ വൈകാരിക ബന്ധമാണ്​ ഉള്ളത്​.

കെ.എം ഷാജിയുമായി യൂത്ത്​ലീഗില്‍ പ്രവര്‍ത്തിക്കുന്ന കാലം തൊ​ട്ടേ ചെറിയ അകല്‍ച്ചയുണ്ട്​. അദ്ദേഹത്തിന്​ അത്​ തിരിച്ചും ഉണ്ട്​. എന്നാല്‍ മുനീറുമായുള്ള ബന്ധം അങ്ങനെയല്ല. നിയമസഭയില്‍ വെച്ച്‌​ കെ.എം ഷാജിക്കെതിരെ തന്‍െറ ഭാഗത്തുനിന്ന്​ ഒരുപരാമര്‍ശമുണ്ടായപ്പോള്‍ അത്​ ശരിയായില്ലെന്ന അഭിപ്രായമാണ്​ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കുവെച്ചത്​. ആ മുഖ്യമന്ത്രിയെയാണ്​ ഷാജി ‘എടോ പിണറായി’ എന്നുവിളിച്ചതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

യൂത്ത്​ലീഗില്‍ നിന്നും പുറത്തുവന്ന്​ 2006ല്‍ മുസ്​ലിംലീഗിലെ അതികായനായ പി​.കെ കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറം മണ്ഡലത്തില്‍ അട്ടിമറിച്ചാണ്​ കെ.ടി ജലീല്‍ രാഷ്​ട്രീയ മണ്ഡലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചത്​.

2011ലും 2016ലും മലപ്പുറം ജില്ലയിലെ തവനൂര്‍മണ്ഡലത്തില്‍ നിന്നുമാണ് നിയമസഭയിലേക്ക്​ എത്തിയത്​. 2016ല്‍ കോണ്‍ഗ്രസിലെ ഇഫ്​തിഖാറുദ്ദീനെ 17064 വോട്ടുകള്‍ക്കാണ്​ പരാജയപ്പെടുത്തിയത്​.

Leave a Reply

Your email address will not be published. Required fields are marked *