തമിഴ്‌നാട് തഞ്ചാവൂരിലേക്ക് കാല്‍നടയായി കടക്കാന്‍ ശ്രമിച്ച നാലംഗ സംഘത്തെ മലപ്പുറം പോലീസ് തടഞ്ഞു

മലപ്പുറം: തഞ്ചാവൂരിലേക്ക് കാല്‍നടയായി പോകാന്‍ ഒരുങ്ങിയ നാലംഗ സംഘം തമിഴ്‌നാട് സ്വദേശികളെ മലപ്പുറം പോലീസ് കാവുങ്ങലില്‍ വെച്ച് തടഞ്ഞു. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. റോഡിലൂടെ നടന്ന് നീങ്ങുകയായിരുന്ന സംഘത്തെ കണ്ട പോലീസിന് സംശയം തോന്നി കാര്യമന്വേഷിക്കുകയായിരുന്നു. ഇതോടെയാണ് സംഭവമറിഞ്ഞത്. ഇന്നലെ(ബുധന്‍) പുലര്‍ച്ചെ മൂന്നുമണിയോടെയാണ് താമസ സ്ഥലമായ കോട്ടയ്ക്കല്‍ പുതുപ്പറമ്പ് നിന്നും സംഘം തഞ്ചാവൂരിലേക്ക് മലപ്പുറം വഴി കാല്‍നടയായി യാത്ര തിരിച്ചത്. രണ്ടു പുരുഷന്മാരും രണ്ട് സ്ത്രീകളും ആയിരുന്നു സംഘത്തിലുണ്ടായിരുന്നത്. തഞ്ചാവൂരില്‍ നിന്ന് മകന് കടുത്ത പനിയാണെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാല്‍നടയായി യാത്ര തിരിക്കാന്‍ കാരണമെന്ന് പോലീസിനോട് സംഘം വ്യക്തമാക്കി.

എന്നാല്‍ തമിഴ്‌നാട്ടിലേക്ക് പോകാന്‍ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയ പോലീസ് സംഭവം ആരോഗ്യവകുപ്പിനെ അറിയിച്ചു. പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി സംഘത്തിന്റെ ആരോഗ്യ സ്ഥിതി പരിശോധിച്ചു. പരിശോധനയില്‍ സംഘം പൂര്‍ണ ആരോഗ്യവാന്‍മാരാണെന്ന് കണ്ടതോടെ ഇവരെ പുതുപ്പറമ്പിലെ താമസസ്ഥലത്തേക്ക് തിരിച്ചു പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. പിന്നീട് 108 ആംബുലന്‍സ് എത്തി ഇവരെ താമസസ്ഥലത്തേക്ക് തിരിച്ച് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *