ചെന്നൈ: ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി മദ്യശാലകള്‍ തുറന്ന തമിഴ്നാട് സര്‍ക്കാരിന് തിരിച്ചടി. ലോക്ക്ഡൗണ്‍ അവസാനിക്കുന്നതുവരെ മദ്യശാലകള്‍ അടയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍ ഓണ്‍ലൈന്‍ വഴിയും ഹോംഡെലിവറി മുഖേനയും മദ്യം വില്ക്കാന് അനുവദിക്കുകയും ചെയ്തു.
ജസ്റ്റീസുമാരായ വിനീത് കോത്താരി, പുഷ്പ സത്യനാരായണ എന്നിവര്‍ അംഗങ്ങളായ ഡിവിഷന് ബെഞ്ചിന്റേതാണ് വിധി. നടന് കമല്‍ ഹാസന് അടക്കമുള്ളവരുടെ ഹര്‍ജി പരിഗണിച്ചാണ് ഇടക്കാല ഉത്തരവ് ഉണ്ടായിരിക്കുന്നത്. സാമൂഹിക അകലം പാലിക്കണമെന്നതടക്കം കോടതി നിഷ്കര്‍ഷിച്ച നിബന്ധനകളെല്ലാം ലംഘിക്കപ്പെട്ടെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
വ്യാഴാഴ്ച മദ്യശാലകള്‍ തുറക്കുമെന്ന് ചൂണ്ടിക്കാട്ടി മെയ് നാലിന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. രാവിലെ 10 നും വൈകുന്നേരം അഞ്ചിനും ഇടയിലാകും മദ്യശാലകള്‍ പ്രവര്‍ത്തിക്കുക. സാമൂഹിക അകലം പാലിക്കല്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായും നടപ്പാക്കുമെന്നും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് ഓരോ ഷോപ്പിലേക്കും അധിക സ്റ്റാഫുകളെ നിയോഗിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
എന്നാല്‍ ഇതിനെതിരെ അഭിഭാഷകരുള്‍പ്പെടെ ഏതാനും പേര് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ കോടതി തയാറായില്ല. സാമൂഹിക അകലം പാലിക്കല്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് നിര്‍ദേശിച്ച കോടതി ഒരാള്‍ക്ക് ഒരു കുപ്പി മദ്യം എന്ന നിലയില്‍ റേഷനിംഗ് സമ്ബ്രദായം നടപ്പാക്കണമെന്ന് ഉത്തരവിട്ടു. ഈ നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ കോടതിയെ വീണ്ടും സമീപിച്ചത്.
