മദ്യം വീട്ടിലെത്തിക്കരുത്: മുഖ്യമന്ത്രിയോട് കോണ്‍ഗ്രസ് നേതാക്കളുടെ ഭാര്യമാര്‍

ചണ്ഡിഗഡ്: ഓണ്‍ലൈനായി മദ്യം വീട്ടിലെത്തിക്കുന്ന സര്‍ക്കാര്‍ തീരുമാനം പുനരാലോചിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രിയോട് കോണ്‍ഗ്രസ് നേതാക്കളുടെ ഭാര്യമാര്‍ ആവശ്യപ്പെട്ടു. ഗാര്‍ഹിക പീഡനം വര്‍ധിക്കാന്‍ ഇടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ തീരുമാംന പുന:പ്പരിശോധിക്കണമെന്ന് ട്വിറ്ററിലൂടെ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പഞ്ചാബിലെ ഭക്ഷ്യമന്ത്രി ഭരത് ഭൂഷണ്‍ അശുവിന്‍റെ ഭാര്യയും ലുധിയാനയിലെ കൗണ്‍സിലറുമായ മംമ്ത അശുവും എം.എല്‍.എ രാജ വാറിങ്ങിന്‍റെ ഭാര്യയും സാമൂഹ്യ പ്രവര്‍ത്തകയുമായ അമൃത വാറിങ്ങുമാണ് ആവശ്യം ഉന്നയിച്ചത്.

വീടുകളിലെ സ്ത്രീകളേയും കുട്ടികളേയും കുറിച്ച്‌ ചിന്തിക്കണം. സര്‍ക്കാറിന് വരുമാനനഷ്ടം ഉണ്ടാക്കുന്നതിനോട് യോജിപ്പുമില്ല. മദ്യം ഒട്ട്ലെറ്റുകളില്‍ വില്‍ക്കുന്നതിനോടല്ല, ഹോം ഡെലിവെറി ചെയ്യുന്നതിലാണ് ഇവര്‍ക്ക് അഭിപ്രായവ്യത്യാസമുള്ളത്.

സ്കൂളുകളും കോളജുകളും അടച്ചിട്ട സമയമാണ്. കുട്ടികളെല്ലാം വീടുകളില്‍ തന്നെയുണ്ട്. ഇതിനിടെ ഗൃഹനാഥന് വീട്ടുപടിക്കല്‍ മദ്യം നല്‍കുന്ന അവസ്ഥ കുട്ടികളിലുണ്ടാക്കുന്ന മാനസിക അവസ്ഥയെക്കുറിച്ചു കൂടി ചിന്തിക്കണം. ലഹരിപദാര്‍ഥങ്ങള്‍ക്കെതിരെയുള്ള പോരാട്ടം കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു എന്നും മംമ്ത ട്വീറ്റില്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *