മലപ്പുറം : കാളികാവില്‍ പോലീസ് നടത്തിയ വാഹന പരിശോധനയില്‍ നിന്ന് ആനപ്പല്ല് പിടികൂടി . സംഭവുമായി ബന്ധപ്പെട്ട് ചോക്കാട് കല്ലാമൂലയിലെ അസ്‌കര്‍ അലിയെ പോലീസ് കസ്റ്റഡിയിലെടുത്തു . ഇയാളെ വനംവകുപ്പിന് കൈമാറിയതായി കാളികാവ് എസ്.ഐ. സി.കെ. നൗഷാദ് പറഞ്ഞു. കേസ് വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയിലാണ്.
തിങ്കളാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കോഴിപ്ര മലവാരത്തിന് താഴെയുള്ള വള്ളിപ്പൂ പുഴയില്‍നിന്നാണ് ആനപ്പല്ല് ലഭിച്ചതെന്നാണ് അസ്‌കര്‍ അലി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി . ‘പുഴയില്‍നിന്ന് ലഭിച്ച വസ്തു എന്താണെന്ന് അറിയില്ലായിരുന്നു. ഫോണില്‍ ചിത്രമെടുത്ത് പലരേയും കാണിച്ചതിന് ശേഷമാണ് ആനപ്പല്ലാണെന്ന് ബോധ്യപ്പെട്ടത്. വീട്ടില്‍ കൊണ്ടുപോയി കുട്ടികളെ ഒന്ന് കാണിക്കാമല്ലോ എന്ന് കരുതി വണ്ടിയില്‍ വെച്ചതാണ്. വസ്തുവിന്റെ വിലയോ നിയമപരമായ പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയോ ഉണ്ടായിരുന്നില്ല’ – അസ്‌കര്‍ അലി പറഞ്ഞു.
ആനയുടെ പല്ല് കൈവശം വെച്ചതിന് അസ്‌കര്‍ അലിക്കെതിരേ വന്യജീവി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തതായി അധികൃതര്‍ അറിയിച്ചു .
