ന്യൂഡല്‍ഹി: ഒരിന്ത്യ, ഒരു കൂലി സംവിധാനം നടപ്പാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതരാമന്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച രണ്ടാം ഘട്ട സാമ്ബത്തിക ഉത്തേജന പാക്കേജിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നു മന്ത്രി. കുടിയേറ്റ തൊഴിലാളികള്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും വേണ്ടിയാണെന്ന് പദ്ധതികള്‍. ദരിദ്ര വിഭാഗങ്ങള്‍ക്കായി ഒമ്ബത് പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നത്തെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും ധനമന്ത്രി പറഞ്ഞു. മാര്‍ച്ച് 31 മുതലുള്ള കാര്‍ഷിക കടങ്ങളുടെ തി രിച്ചടവ് മേയ് 31 വരെ നീട്ടിയെന്നും മന്ത്രി അറിയിച്ചു. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി മൂന്ന് പദ്ധതികളാണുള്ളത്. കര്‍ഷകര്‍, വഴിയോര കച്ചവടക്കാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കായി രണ്ടു പദ്ധതികള്‍ വീതവും പ്രഖ്യാപിക്കും.
ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടാത്തവരും താമസിക്കുന്ന സംസ്ഥാനങ്ങളില്‍ റേഷന്‍ കാര്‍ഡില്ലാത്ത അതിഥി തൊഴിലാളികള്‍ക്ക് രണ്ടു മാസത്തേക്ക് സൗജന്യ റേഷന്‍ അനുവദിക്കും. അഞ്ച് കിലോ ധാന്യവും ഒരു കിലോ പരിപ്പും നല്‍കും. മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കും. സംസ്ഥാനങ്ങള്‍ക്കായിരിക്കും നടത്തിപ്പ് ചുമതല.ഒരു റേഷന്‍ കാര്‍ഡ് രാജ്യത്ത് എവിടെയും ഉപയോഗിക്കാന്‍ കഴിയുന്ന പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ രാജ്യത്തെ 25 ലക്ഷം കര്‍ഷകര്‍ക്ക് 25,000 കോടി രൂപ വിതരണം ചെയ്തു. മൂന്ന് കോടി കര്‍ഷകര്‍ക്ക് മൂന്ന് മാസത്തേക്ക് വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. 4.22 ലക്ഷം കോടി രൂപ ഈ ഇനത്തില്‍ ചെലവിട്ടുവെന്നും മന്ത്രി വ്യക്തമാക്കി. 11,002 കോടി രൂപ കുടിയേറ്റ തൊഴിലാളികളെ സഹായിക്കാന്‍ കൈമാറി. സംസ്ഥാന ദുരന്തനിവാരണ ഫണ്ട് മുഖേനയാണ് തുക കൈമാറിയത്. അഭയകേന്ദ്രങ്ങള്‍ക്ക് ഭക്ഷണം നല്‍കാനും തുക അനുവദിച്ചുവെന്നും മന്ത്രി അറിയിച്ചു.
തൊഴിലുറപ്പ് പദ്ധതിയില്‍ 50 ശതമാനം പേര് വരെ കൂടുതല്‍ രജിസ്റ്റര്‍ ചെയ്തു. മടങ്ങിയെത്തുന്ന തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇതുവരെ 10,000 കോടി രൂപ തൊഴിലുറപ്പ് പദ്ധതി വഴി വേതനം നല്‍കിയെന്നും ധനമന്ത്രി പറഞ്ഞു.
പ്രധാന പ്രഖ്യാപനങ്ങള്‍
• ഗോത്ര-ആദിവാസി വിഭാഗങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ആറായിരം കോടിയുടെ പദ്ധതി.
• ഹൗസിംഗ് മേഖലയില്‍ എഴുപതിനായിരം കോടിയുടെ നിക്ഷേപത്തിന് സാഹചര്യമൊരുക്കും. മേഖലയിലെ ഇടത്തരം വരുമാനക്കാര്‍ക്ക് സിഎല്‍എസ്എസ് പദ്ധതി മാര്‍ച്ച് 2021 വരെ ദീര്‍ഘിപ്പിച്ചു. 2.5 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.
• ഒരിന്ത്യ, ഒരു കൂലി നടപ്പാക്കും. സമസ്ത തൊഴില്‍ മേഖലയിലും മിനിമം കൂലി ഉറപ്പാക്കും. മിനിമം കൂലിയിലെ പ്രാദേശിക വേര്‍തിരിവ് ഇല്ലാതാക്കും. മിനിമം കൂലി നിശ്ചയിക്കാനുള്ള നടപടികള്‍ ലഭിതമാക്കും.
• കഴിഞ്ഞ വര്‍ഷം 182 രൂപയായിരുന്ന ശരാശരി വേതന നിരക്ക് 202 രൂപയായി വര്‍ധിപ്പിച്ചു.
• എല്ലാ തൊഴിലാളികള്‍ക്കും നിയമന ഉത്തരവ് ഉറപ്പാക്കും.
• തൊഴിലാളികള്‍ക്ക് വാര്‍ഷിക ആരോഗ്യപരിശോധന നിര്‍ബന്ധമാക്കും.
• മഴക്കാലത്ത് സാധ്യമായ മേഖലകളില്‍ തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കും.
• കുടിയേറ്റ തൊഴിലാളികള്‍ക്ക് വെള്ളവും ഭക്ഷണവും പാര്‍പ്പിടവും ഒുരുക്കുന്നതിനായി സ്റ്റേറ്റ് ഡിസാസ്റ്റര്‍ റസ്പോണ്‍സ് ഫണ്ട് (എസ്ഡിആര്‍ഫ്) ഉപയോഗിക്കാനായി സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്കി. ഇതിന്റെ ഭാഗമായി 11002 കോടി രൂപ മുന്‍കൂട്ടി എല്ലാ സംസ്ഥാനങ്ങള്‍ക്കും ഏപ്രില്‍ മൂന്നിന് നല്‍കിയിട്ടുണ്ട്.
• നഗരങ്ങളില്‍ വീടുകള്‍ ഇല്ലാത്തവര്‍ താമസിക്കുന്ന അഭയകേന്ദ്രങ്ങളില്‍ മൂന്നു നേരം ഭക്ഷണം മാര്‍ച്ച് 28 മുതല്‍ നല്കി.
• നാടുകളിലേക്ക് തിരികെ പോകുന്ന തൊഴിലാളികള്‍ക്ക് അവിടെ തന്നെ തൊഴില്‍ ഉറപ്പാക്കും.
• അതിഥി തൊഴിലാളികള്‍ക്ക് രണ്ടു മാസത്തേക്ക് സൗജന്യ റേഷന്‍. അഞ്ച് കിലോ ധാന്യവും ഒരു കിലോ പരിപ്പും നല്‍കും. മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കും.
• സ്വയസഹായ സംഘങ്ങള്‍ക്ക് റിവോള്‍വിങ് ഫണ്ട് നല്‍കുന്നതിനായി ഏപ്രിലില്‍ പൈസ പോര്‍ട്ടല്‍ സ്ഥാപിച്ചു. ഗുജറാത്തില്‍ ആരംഭിച്ച പൈലറ്റ് പദ്ധതി മേയില്‍ എല്ലാ സംസ്ഥാനങ്ങളിലേയ്ക്കും വ്യാപിപ്പിക്കും.
• 12000 സ്വയംസഹായ സംഘങ്ങള്‍ മൂന്നു കോടി മുഖാവരണങ്ങളും 1.20 ലക്ഷം ലിറ്റര്‍ സാനിറ്റൈസറും നിര്‍മിച്ചു. ഇതിലൂടെ പാവപ്പെട്ടവര്‍ക്ക് ജോലി നല്കാന് സാധിച്ചു.
• തൊഴിലാളികള്‍ക്ക് വാര്‍ഷിക ആരോഗ്യപരിശോധന നിര്‍ബന്ധമാക്കും.
• ജോലി സ്ഥലത്തെ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കും.
• തൊഴില്‍ മേഖലയില്‍ ലിംഗനീതി ഉറപ്പാക്കും. സമസ്ത തൊഴില്‍ മേഖലയിലും സ്ത്രീകള്‍ക്ക് പ്രവര്‍ത്തനാവകാശം.
• തോട്ടം, ഹോര്‍ട്ടികള്‍ച്ചര്‍, കന്നുകാലി, വളര്‍ത്തല്‍ മേഖലകളിലും വ്യാപിപ്പിക്കും.
• ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്. ഒരു റേഷന്‍ കാര്‍ഡ് രാജ്യത്ത് എവിടെയും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ പൂര്‍ണമായും റേഷന്‍ കാര്‍ഡ് പോര്‍ട്ടബിലിറ്റി നടപ്പാക്കും.
• തെരുവ് കച്ചവടക്കാര്‍ക്ക് 5000 കോടിയുടെ വായ്പാ പദ്ധതി. 10,000 കോടി രൂപയുടെ ഈ പദ്ധതിക്ക് ഒരുമാസത്തിനകം രൂപംനല്‍കും. 10,000 രൂപവരെ അടിയന്തിര വായ്പയായി നല്‍കും. ഡിജിറ്റല്‍ പെയ്മെന്റുകള്‍ക്ക് ഇന്‍സെന്റീവ് നല്‍കും. 50 ലക്ഷം പേര്‍ക്ക് ഗുണം ലഭിക്കും.
• മുദ്ര ശിശു ലോണ്‍ തിരിച്ചടവില്‍ 12 മാസത്തേക്ക് രണ്ട് ശതമാനം പലിശ ഇളവ്.
