കൊവിഡ് പരിശോധനയ്ക്ക് ഏകീകൃത നിരക്ക് വേണമെന്ന് സുപ്രീംകോടതി

ഡല്‍ഹി : കൊവിഡ് പരിശോധനയ്ക്ക് ഏകീകൃത നിരക്ക് വേണമെന്ന് സുപ്രീംകോടതി. കൂടിയ നിരക്ക് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കണമെന്നും കോടതി ഉത്തരവിട്ടു. ഓരോ സംസ്ഥാനങ്ങളും ഏകീകൃത ഫീസ് ഘടന നിശ്ചയിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. അതേസമയം അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന കൊവിഡ് ആനുകൂല്യങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കാനാകുമോ എന്ന ഹൈക്കോടതി ചോദ്യത്തിന് മറുപടിയായാണ് നോര്‍ക്കയുടെ ഉത്തരവ്.

രാജ്യത്തിന് പുറത്ത് ജോലിചെയ്യുന്ന പ്രവാസി മലയാളികളും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തി ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളും തമ്മില്‍ പ്രകടമായ വ്യത്യാസങ്ങള്‍ ഉണ്ടെന്നാണ് നോര്‍ക്ക ഉത്തരവില്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ മെയ് 28ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന കൊവിഡ് ആനുകൂല്യങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കേണ്ടെന്നും നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന്‍റെ ഉത്തരവില്‍ പറയുന്നു.

ഇതോടെ പ്രവാസികള്‍ക്ക് സൗജന്യ സര്‍ക്കാര്‍ ക്വാറന്‍റീന്‍, ക്വാറന്‍റീന്‍ കേന്ദ്രത്തിലേക്കുള്ള യാത്ര അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ല. സര്‍ക്കാര്‍ ക്വാറന്‍റീന്‍ കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്ന പ്രവാസികളില്‍ നിന്ന് പണം ഈടാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രവാസി സംഘടനകള്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളും അതിഥി തൊഴിലാളികളുടെ ഗണത്തില്‍ വരുമെന്നും അതുകൊണ്ട് തന്നെ സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് ലഭിക്കുന്ന സൗജന്യ ക്വാറന്‍റീന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ പ്രവാസികള്‍ക്കും നല്‍കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *