കയര്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ: പദ്ധതി ഉദ്ഘാടനം ജനുവരി 10 ന്

മലപ്പുറം : കയര്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും നല്‍കുന്നതിനായി ‘കയര്‍ വര്‍ക്കേഴ്‌സ് സുരക്ഷ ബീമാ യോജന’ നടപ്പാക്കുന്നു. തൊഴില്‍ വകുപ്പിന്റെയും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 1.10 കോടി അനുവദിച്ചാതായി കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 10 ന് ആലപ്പുഴയില്‍ നടക്കും.
പദ്ധതി പ്രകാരം ക്ഷേമനിധി അംഗത്വമുള്ള കയര്‍ തൊഴിലാളികള്‍ക്ക് അപകടമരണത്തിനും സ്വാഭാവിക മരണത്തിനും ഭാഗികമായ അവശതയ്ക്കും ധനസഹായം ലഭിക്കും.

ഒന്‍പതാം ക്ലാസ് മുതല്‍ പ്ലസ്ടു, ഐ.ടി.ഐ. വരെയുള്ള കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്ന കയര്‍ തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 1200 രൂപ വീതം വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും ലഭിക്കും. സംസ്ഥാനത്തെ നാല് ലക്ഷത്തോളം വരുന്ന കയര്‍ തൊഴിലാളികളില്‍ ആദ്യം അപേക്ഷിക്കുന്ന ക്ഷേമനിധി അംഗത്വമുള്ള 1.10 ലക്ഷം കുടുംബങ്ങള്‍ക്കാണ് നടപ്പു സാമ്പത്തിക വര്‍ഷം പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അപേക്ഷാ ഫോം കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ മുഴുവന്‍ ഓഫിസുകളിലും ഡിസംബര്‍ 28 വരെ ലഭിക്കും. ഡിസംബര്‍ 31 നകം അപേക്ഷിക്കണം. ഗുണഭോക്തൃവിഹിതമായി 50 രൂപ അടയ്ക്കണം. അപേക്ഷയോടൊപ്പം ക്ഷേമനിധി പാസ്ബുക്ക്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ നല്‍കണം.

Leave a Reply

Your email address will not be published. Required fields are marked *