ജിദ്ദ: കോവിഡ് മഹാമാരി വിതച്ച പ്രശ്നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും നടുവില്‍ പ്രവാസികള്‍ക്കിടയില്‍ മറ്റൊരു പെരുന്നാള്‍ കൂടി വിരുന്നെത്തിയിരിക്കുന്നു. കഴിഞ്ഞ ചെറിയ പെരുന്നാളിനെപ്പോലെ ബലി പെരുന്നാളിനെയും ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാതെ തന്നെയാണ് നാട്ടിലെന്ന പോലെ പ്രവാസികളും എതിരേല്‍ക്കുന്നത്. വെള്ളിയാഴ്‌ച ആയതുകൊണ്ട് പെരുന്നാള്‍ നമസ്കാരത്തോടൊപ്പം ജുമുഅ നമസ്കാരമടക്കം പള്ളികളില്‍ തന്നെ നടക്കുമെങ്കിലും സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള മുഴുവന്‍ കോവിഡ് മുന്‍കരുതലുകളോടെയുമാണ് നമസ്കാരങ്ങള്‍ നടക്കുക.
സാധാരണ ഈദ് നമസ്കാരങ്ങള്‍ക്കായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കുടുംബങ്ങളെല്ലാം ഒന്നിച്ചാണ് പള്ളികളില്‍ പോകാറുള്ളത്. എന്നാല്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വൃദ്ധര്‍ക്കുമെല്ലാം പള്ളികളില്‍ പോകന്നതിനും പെരുന്നാള്‍ ആശംസകള്‍ നേരുന്നതിെന്റ ഭാഗമായ ആശ്ലേഷണത്തിനുമെല്ലാം നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ട് സാധാരണ രീതിയില്‍ കാണാറുള്ള പെരുന്നാള്‍ സന്തോഷങ്ങളൊന്നും തന്നെ ഈ പെരുന്നാളിനും കാണുക സാധ്യമല്ല. കുടുംബങ്ങളും ബാച്ചിലറായി താമസിക്കുന്നവരുമെല്ലാം സ്വന്തം ഫാറ്റുകളില്‍ ഭക്ഷണം പാകം ചെയ്തു കഴിക്കുക എന്നതിനപ്പുറം മറ്റുള്ളവരുടെ ആതിഥ്യം സ്വീകരിക്കാന്‍ പോകുന്ന പതിവ് രീതികളൊന്നും ഇക്കുറി ഉണ്ടാവില്ല.
പെരുന്നാള്‍ ആഘോഷത്തിെന്റ ഭാഗമായി സംഘടനകളും കൂട്ടായ്മകളുമെല്ലാം വിവിധ കലാപരിപാടികളും ഇശല്‍ രാവുകളുമെല്ലാം സംഘടിപ്പിക്കാറുണ്ട്.
എന്നാല്‍ ചില കൂട്ടായ്മകള്‍ പരിമിതമായ തോതില്‍ ഓണ്‍ലൈന്‍ വഴി ഇത്തരം കലാപരിപാടികള്‍ സംഘടിപ്പിച്ചതൊഴിച്ചാല്‍ മറ്റു പരിപാടികളൊന്നും ഇല്ലാതെയാണ് ഇത്തവണ പെരുന്നാള്‍ കഴിഞ്ഞുപോകുന്നത്. പെരുന്നാള്‍ വിപണിയെയും കോവിഡ് കാലം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ജിദ്ദയിലെ പ്രവാസികളില്‍ വലിയൊരു വിഭാഗം എല്ലാ വര്‍ഷങ്ങളിലും ബലിപ്പെരുന്നാള്‍ നാളുകളില്‍ മക്കയില്‍ ഹജ്ജ് സേവനത്തില്‍ ഏര്‍പ്പെടുക പതിവാണ്. എന്നാല്‍ അവര്‍ക്കെല്ലാം ഈ വര്‍ഷത്തെ പെരുന്നാള്‍ സ്വന്തം റൂമുകളില്‍ കടുംബത്തോടൊപ്പവും സഹ താമസക്കാരോടൊപ്പവും കഴിച്ചുകൂട്ടാനുള്ള അവസരം കൂടി സമ്മാനിച്ചിരിക്കുകയാണ്. കോവിഡ് മഹാമാരി എല്ലാം അവസാനിച്ച് അടുത്ത പെരുന്നാളുകള്‍ ഗംഭീരമായി തന്നെ ആഘോഷിക്കാമെന്ന പ്രത്യാശയില്‍ ആശ്വാസം കണ്ടെത്തുകയാണ് എല്ലാവരും.
