ഇംഫാല്‍(മണിപ്പുര്‍): നീണ്ട 16 വര്‍ഷത്തെ നിരാഹാര സമരം ഇറോം ശര്‍മ്മിള ഇന്ന് അവസാനിപ്പിക്കുന്നു. മനുഷ്യാവകാശ ധ്വംസനത്തിനെതിരേ സഹനസമരത്തിന്റെ പാതയിലൂടെ ലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയ ശര്‍മ്മിള സമരം അവസാനിപ്പിക്കുന്നതിനെതിരേ ചില ഭീകരസംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. നിരാഹാര സമരം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ശ്രമിച്ചാല്‍ മുന്‍ഗാമികളെപ്പോലെ ജീവന് നഷ്ടപ്പെടുമെന്ന് ഭീകര സംഘടനകള്‍ ഭീഷണിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. അതിനാല്‍ ജയിലില്‍നിന്ന് ശര്‍മ്മിള എന്നു മോചിതയാകും എന്നകാര്യം വ്യക്തമാക്കിയിട്ടില്ല. രാഷ് ട്രീയത്തില്‍ പ്രവേശിക്കുന്നതിനെയും മണിപ്പൂര്‍ സ്വദേശിയല്ലാത്തെ ആളെ വിവാഹം കഴിക്കുന്നതിനെയും ഭീരകര സംഘടനകള്‍ എതിര്‍ക്കുന്നുണ്ട്. 2000 നവംബര്‍ രണ്ടിന് ഇംഫാല്‍ താഴ്വരയിലെ മൗലോം ടൗണിലെ ബസ് സ്റ്റോപ്പില്‍വച്ച് മെയ്റ്റി വിഭാഗത്തിലെ പത്തുപേരെ ആസാം റൈഫിള്‍സിലെ പട്ടാളക്കാര്‍ വെടിവച്ചു കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഇറോം ശര്‍മ്മിള നിരാഹാര സമരം ആരംഭിച്ചത്. അന്ന് 28 വയസായിരുന്നു അവര്‍ക്ക്. നിരാഹാര സമരം ഇറോമിന്റെ മരണത്തിലേ കലാശിക്കൂ എന്നു മനസിലാക്കിയ സര്‍ക്കാര്‍, ശര്‍മ്മിളയുടെ പേരില്‍ ആത്മഹത്യക്കുറ്റം ആരോപിച്ച് പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ചു. പിന്നീട് ജുഡീഷല്‍ കസ്റ്റഡിയില്‍ വിടുകയും ജീവന് നിലനിര്‍ത്താന്‍വേണ്ടി ശ്വാസനാളത്തിലൂടെ കുഴലിട്ട് ദ്രവരൂപത്തിലുള്ള ആഹാരങ്ങള്‍ നല്കുകയുമായിരിന്നു. സേനയ്ക്കു നല്‍കിയിരിക്കുന്ന എഎഫ്എസ്പിഎ നിയമത്തില്‍ അയവുവരുത്താമെന്ന് 2006ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിംഗ് ഇറോം ശര്‍മ്മിളയ്ക്ക് ഉറപ്പു നല്‍കിയെങ്കിലും നിയമം പൂര്‍ണമായി പിന്‍വലിക്കുന്നതുവരെ നിരാഹാരം സമരം തുടരുമെന്നായിരുന്നു മറുപടി.
