മലപ്പുറം: കോവിഡ് രോഗ വ്യാപനം വ്യാപാരമേഖലയെ ഓണസീസണിലും കടുത്ത പ്രതിസന്ധിയിലാക്കി. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരന്തരം ഏര്‍പ്പെടുത്തുന്ന വിലക്കുകള്‍ മൂലം വ്യാപാരം നടക്കാത്തതാണ് കച്ചവടക്കാരെ ദുരിതത്തിലാക്കുന്നത്. വരുമാനം ഏറെകുറെ പൂര്‍ണമായും നിലച്ചതോടെ മിക്ക വ്യാപാരസ്ഥാപനങ്ങളും അടച്ചു പൂട്ടലിന്റെ വക്കിലാണ്. മികച്ച രീതിയില്‍ വ്യാപാരം നടക്കുന്ന സീസണുകളെല്ലാം കോവിഡ് വ്യാപനത്തില്‍ ഇല്ലാതയത് വ്യാപാരികള്‍ക്ക് വന്‍സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നത്.
സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന എല്ലാ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളും സമയക്രമത്തിലുമാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നത്. കടകളില്‍ രോഗ പ്രതിരോധ സുരക്ഷയൊരുക്കാനുള്ള നടപടികളുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂണിറ്റ് കമ്മിറ്റികള്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്.
ഒരു വാര്‍ഡില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരികരിക്കപ്പെട്ടാല്‍ വാര്‍ഡ് ഒന്നാകെ അടച്ചിടുന്നതിനു പകരം ബന്ധപ്പെട്ട സ്ഥലം മാത്രം കണ്ടെയ്‌മെന്റ് സോണാക്കി പ്രഖ്യാപിക്കുകയും ഒരു പ്രദേശമാകെ ഒറ്റപ്പെടുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്യണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. ഓണാഘോഷ കാലത്തെക്കെങ്കിലും കണ്ടെയ്‌മെന്റ് സോണിലും മറ്റ് നിയന്ത്രിത മേഖലയിലും എല്ലാവിധ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉചിതമായ തീരുമാനവും ഭരണാധികാരികള്‍ നടപ്പില്‍ വരുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് പി. കുഞ്ഞാവു ഹാജി അദ്ധ്യക്ഷ്യം വഹിച്ചു. ജനറല്‍ സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ് ട്രഷറര്‍ കളപ്പാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
