ചേളാരി: കോവിഡ് ലോക്ഡൗണ്‍ മൂലം മദ്രസ ക്ലാസുകള്‍ ഓണ്‍ലൈനിലായതോടെ ലക്ഷക്കണക്കിന് പഠിതാക്കള്‍ക്ക് കൂടുതല്‍ മികച്ച ക്ലാസുകള്‍ നല്‍കാന്‍ സമസ്ത ആസ്ഥാനത്ത് പുതിയ സ്റ്റുഡിയോ പ്രവര്‍ത്തനം തുടങ്ങി. സ്റ്റുഡിയോ സ്വിച്ച് ഓണ്‍ കര്‍മം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ആസ്ഥാനമായ ചേളാരി സമസ്താലയം കെട്ടിടത്തിലാണ് സ്റ്റുഡിയോ സ്ഥാപിച്ചത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്‍ അദ്ധ്യക്ഷനായി. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, സമസ്ത മുശാവറ മെമ്പര്‍ പി.കെ. ഹംസക്കുട്ടി മുസ്ലിയാര്‍ ആദൃശ്ശേരി, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മാനേജര്‍ എം.എ. ചേളാരി, കെ. ഹംസക്കോയ തുടങ്ങിയവര്‍ സംബന്ധിച്ചു. സമസ്ത ഓണ്‍ലൈന്‍ മദ്റസ ക്ലാസില്‍ എല്ലാ ദിവസവും ‘സൂറത്തുല്‍ ഫാത്തിഹ’ പാരായണം ചെയ്യുന്ന ഹാഫിള് പാണക്കാട് സയ്യിദ് സിദ്ഖലി ശിഹാബ് തങ്ങളുടെ ഖുര്‍ആന്‍ പാരായണം റിക്കാര്‍ഡ് ചെയ്താണ് സ്റ്റുഡിയോയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. ഓണ്‍ലൈന്‍ മദ്റസയില്‍ തുടര്‍ച്ചയായി ‘സൂറത്തുല്‍ ഫാത്തിഹ’ ഓതുന്ന സിദ്ഖലി തങ്ങള്‍ക്ക് എം.ടി. അബ്ദുല്ല മുസ്ലിയാര്‍ ഉപഹാരം നല്‍കി. ലക്ഷക്കണക്കിന് പഠിതാക്കളുള്ള സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ മദ്റസക്ക് യൂട്യൂബ് ചാനലിന്റെ പ്രത്യേക ഉപഹാരം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ എം.ടി. അബ്ദുല്ല മുസ്ലിയാര്‍ക്ക് കൈമാറി. വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും ഓണ്‍ലൈന്‍ മദ്റസ കോ-ഓര്‍ഡിനേറ്റര്‍ കബീര്‍ ഫൈസി ചെമ്മാട് നന്ദിയും പറഞ്ഞു.
