കോട്ടയം: കേരള കോണ്‍ഗ്രസില്‍ ജോസ്-ജോസഫ് വിഭാഗങ്ങളുടെ തര്‍ക്കം മുറുകുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പു ചിഹ്്‌നമായ രണ്ടിലയുടെ അവകാശം സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ ജോസ് വിഭാഗത്തിന് നല്‍കിയതിന് പിന്നാലെ പാര്‍ട്ടി ചെയര്‍മാന്റെ ചുമതലകള്‍ തനിക്കാണെന്ന അവകാശ വാദവുമായി പി.ജെ.ജോസഫ് രംഗത്തെത്തി.പാര്‍ട്ടി ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് ജോസഫിന്റെ അവകാശവാദം.
കേരള കോണ്‍ഗ്രസ് ചെയര്‍മാനായിരുന്ന കെ.എം.മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് അനുദിനം വളരുകയാണ്. ചെയര്‍മാന്റെ അഭാവത്തില്‍ പാര്‍ട്ടിയുടെ ചുമതല വര്‍ക്കിംഗ് ചെയര്‍മാനായ തനിക്കാണെന്നാണ് പി.ജെ.ജോസഫ് ഭരണഘടന കാണിച്ച് വാദിക്കുന്നത്. എന്നാല്‍ ജോസ് കെ മാണിയെ നേതാവാക്കി അദ്ദേഹത്തിന്റെ അനുയായികള്‍ പ്രഖ്യാപിച്ചു. മാസങ്ങള്‍ക്ക് മുമ്പ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചുണ്ടായ തര്‍ക്കം പ്രശ്്‌നങ്ങള്‍ രൂക്ഷമാക്കി. പ്രസിഡന്റ് പദവി ജോസഫ് വിഭാഗത്തിന് മുന്‍തീരുമാന പ്രകാരം വിട്ടു കൊടുക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടെങ്കിലും ജോസ് കെ മാണി വഴങ്ങിയില്ല. തുടര്‍ന്ന് ജോസ് വിഭാഗത്തെ യു.ഡി.എഫില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ ജോസ് കെ.വിഭാഗം അനുകൂലിക്കാതെ വിട്ടു നിന്നു. ഇത് കോണ്‍ഗ്രസിനും യു.ഡി.എഫിനും തിരിച്ചടിയായിരുന്നു.
സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ രണ്ടില ചിഹ്്‌നം ജോസ് വിഭാഗത്തിന് നല്‍കിയതോടെ ഈ വിഭാഗം രാഷ്ട്രീയമായി ശക്തിപ്പെട്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് പാര്‍ട്ടിയുടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് വര്‍ക്കിംഗ് ചെയര്‍മാനാണെന്ന വാദവുമായി ജോസഫ് രംഗത്തെത്തിയത്. തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടിക്കെതിരെ ജോസഫ് വിഭാഗം അപ്പീല്‍ നല്‍കാനിരിക്കുകയാണ്. രണ്ടു വിഭാഗങ്ങളിലെയും തര്‍ക്കം, പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ യു.ഡി.എഫിനെ ആശയകുഴപ്പത്തിലാക്കിയിട്ടുണ്ട്. അവസരം മുതലെടുക്കാന്‍ ഇടതുമുന്നണിയും രംഗത്തിറങ്ങിയിട്ടുണ്ട്.
