മന്ത്രി ജലീല്‍ ഇടതുമുന്നണിക്ക് ബാധ്യതയാകുമോ?

കോഴിക്കോട്: സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കേന്ദ്ര എന്‍ഫോഴ്്‌സ്‌മെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലീല്‍ ഇടതുമുന്നണിക്ക് രാഷ്ട്രീയബാധ്യതയായി മാറുകയാണോ. മുസ്്‌ലിം ന്യുനപക്ഷങ്ങളെ ഇടതുപക്ഷത്തോട് അടുപ്പിക്കുന്നതില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി സുപ്രധാന പങ്കുവഹിക്കുന്ന ജലീലിനെ പുതിയ കേസിന്റെ സാഹചര്യത്തില്‍ തള്ളിപ്പറയേണ്ട ഗതികേടിലാണ് ഇടതുപക്ഷവും സി.പി.എമ്മും. ജലീലിന്റെ രാജിക്കു വേണ്ടി പ്രതിപക്ഷപാര്‍ട്ടികള്‍ സജീവമായി രംഗത്തിറങ്ങിയിരിക്കുകയാണ്. തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ ഇത് ഇടതുപക്ഷത്തിന് തിരിച്ചടിയാകും.
സി.പി.എമ്മില്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ ഒന്നിമില്ലെങ്കിലും സര്‍ക്കാരില്‍ പാര്‍ട്ടി നേതാക്കളോളം ശക്തമായ നിലയിലാണ് കെ.ടി.ജലീല്‍ ഉള്ളത്. മുഖ്യമന്ത്രി പിണറായി വിജയന് വിശ്വാസമുള്ളയാള്‍ എന്ന നിലയിലും ജലീലിന് ഈ സര്‍ക്കാരില്‍ പ്രധാന്യമുണ്ട്. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് പിണറായി വിജയന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ നടത്തിയ കേരളയാത്രയില്‍ ജാഥാംഗമായിരുന്നു ജലീല്‍. മലബാര്‍ മേഖലയില്‍, പ്രത്യേകിച്ച് മലപ്പുറം ജില്ലയില്‍ മുസ്്‌ലിം ലീഗിനെയും യു.ഡി.എഫിനെയും വിറപ്പിക്കാനുള്ള തുരുപ്പു ചീട്ട് എന്ന നിലയിലാണ് കെ.ടി.ജലീലിനെ മുഖ്യമന്ത്രി കൂടെ നിര്‍ത്തിയിരിക്കുന്നത്.
സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണങ്ങളില്‍ യു.എ.ഇ കോണ്‍സുലേറ്റ് വഴി പാര്‍സലുകള്‍ കേരളത്തിലേക്ക് വന്നതാണ് മന്ത്രി ജലീലിനെതിരെ സംശയത്തിന്റെ മുനകള്‍ നീട്ടുന്നത്. മതഗ്രന്ഥങ്ങളായിരുന്നു പാര്‍സലുകളിലെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ ഈ പാര്‍സലുകളുടെ കാര്യത്തില്‍ സംശയം വര്‍ധിച്ചിരിക്കുകയാണ്.
സ്വര്‍ണക്കടത്തു കേസില്‍ ചോദ്യം ചെയ്യലിന് വിധേയനായ എം.ശിവശങ്കറിനെ സെക്രട്ടറിയേറ്റിലെ പദവിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്. അതേ നിലപാട് മന്ത്രി ജലീലിന്റെ കാര്യത്തിലും വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാല്‍ ജലീല്‍ രാജിവെച്ചാല്‍ അത് സര്‍ക്കാരിന് സ്വര്‍ണക്കടത്തു കേസില്‍ പങ്കുണ്ടെന്ന നിലയിലുള്ള പ്രചാരണത്തിന് വഴിവെച്ചേക്കാം. അതുകൊണ്ടു തന്നെ മന്ത്രിയുടെ രാജിയെ കുറിച്ച് ഇടതുമുന്നണി പെട്ടെന്നൊന്നും ആലോചിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *