ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം നടത്തുക കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ച്‌

 കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ച്‌ ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം നടത്താന്‍ തീരുമാനമായി. തീര്‍ത്ഥാടകരുടെ എണ്ണം കുറയ്ക്കും. വെര്‍ച്വല്‍ ക്യൂ വഴി മാത്രമായിരിക്കും തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കുക എന്ന് ദേവസ്വം പ്രസിഡന്‍റ് എന്‍ വാസു അറിയിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം. കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ച്‌ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയും പ്രവേശിപ്പിക്കാം എന്നാണ് നിലവിലെ ധാരണ. കോവിഡ് രോ​ഗ വ്യാപനം ശക്തമായി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ആരോ​ഗ്യവകുപ്പ് ആശങ്ക അറിയിച്ചതായും ദേവസ്വം പ്രസിഡന്‍റ് മാധ്യമങ്ങളോട് പറഞ്ഞു. പമ്ബ നിലയ്ക്കല്‍ റോഡ് പണി തുലാമാസം ഒന്നിന് മുന്‍പ് നന്നാക്കും. തീര്‍ത്ഥാടകരെ സാന്നിധാനത്ത് വിരിവെക്കാന്‍ അനുവദിക്കില്ലെന്നും ദര്‍ശന ശേഷം മടങ്ങുന്ന സംവിധാനമായിരിക്കും ഉണ്ടായിരിക്കുക എന്നും ദേവസ്വം പ്രസിഡന്‍റ് പറഞ്ഞു. അന്നദാനം പരിമിതമായ തോതില്‍ നടത്താനും തീരുമാനമായി. ഈ വര്‍ഷം കടകളിലേക്കുള്ള ലേലം ഇതുവരെ ആയിട്ടില്ലെന്നും ലേലത്തിന് കച്ചവടക്കാര്‍ വിമുഖത കാണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *