സഹോദരിയെ പറ്റിക്കാന്‍ ആത്മഹത്യനാടകം കളിച്ച 12കാരന് ദാരുണാന്ത്യം

നോയിഡ: സഹോദരിയെ പറ്റിക്കാനുള്ള ആത്മഹത്യാനാടകം ദുരന്തത്തില്‍ കലാശിച്ച്‌ പന്ത്രണ്ടുകാരന് ദാരുണാന്ത്യം. നോയിഡ സ്വദേശിയായ സുശാന്ത് സിംഗ് എന്ന കുട്ടിയാണ് മരിച്ചത്. സഹോദരിയെ (കസിന്‍) എപ്പോഴും പറ്റിക്കാറുള്ള സുശാന്ത് അതു പോലെ തന്നെ പറ്റിക്കാനായാണ് ആത്മഹത്യാ നാടകവും നടത്തിയത്. എന്നാല്‍ അത് കുട്ടിയുടെ ദാരുണ മരണത്തില്‍ കലാശിക്കുകയായിരുന്നു. ടെലിവിഷന്‍ പ്രോഗാമുകളുടെ സ്വാധീനവും ഇത്തരമൊരു ശ്രമത്തിന് പിന്നിലുണ്ടായെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

– ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. സഹോദരിയായ എട്ടുവയസുകാരി കനികയുമൊത്ത് കളിക്കുകയായിരുന്നു സുശാന്ത്. ഇതിനിടെ കനിക തന്‍റെ കളിപ്പാട്ടങ്ങള്‍ നല്‍കില്ലെന്ന് പറഞ്ഞതാണ് കുട്ടിയെ ചൊടിപ്പിച്ചത്. പിണക്കം അഭിനയിച്ച്‌ മുകളിലെ തന്‍റെ മുറിയിലേക്ക് കയറിയ സുശാന്ത്, ഒരു ടവ്വല്‍ ഉപയോഗിച്ച്‌ കഴുത്തില്‍ കുരുക്കിട്ടു. കസേരയില്‍ കയറി നിന്ന് കതകിന്‍റെ ഗ്രില്ലിലായിരുന്നു ആത്മഹത്യ നാടകം. എന്നാല്‍ സഹോദരി തിരക്കിയെത്തിയ സമയത്തിനുള്ളില്‍ സുശാന്ത് കയറി നിന്ന കസേര തെന്നി നീങ്ങുകയും കഴുത്തിലെ കുരുക്ക് മുറുകി കുട്ടി മരണപ്പെടുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

സഹോദരന്‍ പറ്റിക്കുകയാണെന്ന് കരുതി ചലനമറ്റ ആ ശരീരത്തില്‍ കനിക ഇക്കിളിയിടുകയും അനക്കമില്ലാതെ നില്‍ക്കുന്നത് കണ്ട് പൊട്ടിച്ചിരിക്കുകയും ചെയ്തുവെന്നാണ് ബന്ധുക്കളെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ട്. സുശാന്തിന് എന്ത് പറ്റിയെന്ന് മനസിലാകാതെ കുട്ടി വിവരം മറ്റൊരു ബന്ധുവിനെ അറിയിച്ചു. ഇയാള്‍ നല്‍കിയ വിവരം അനുസരിച്ച്‌ സ്ഥലത്ത് പാഞ്ഞെത്തിയ അമ്മാവനായ ശിവ്റാം സിംഗാണ് തൂങ്ങിനിന്ന സുശാന്തിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സംഭവം നടക്കുന്ന സമയത്ത് കുട്ടിയുടെ മാതാപിതാക്കള്‍ ജോലിസ്ഥലത്തായിരുന്നു. ഈയടുത്ത് ഒരു ടിവി പരിപാടിയില്‍ തൂക്കുകയര്‍ കണ്ടപ്പോള്‍ അതിനെക്കുറിച്ച്‌ സുശാന്ത് തന്നോട് വിവരിച്ചിരുന്നു എന്നാണ് അമ്മാവന്‍ ശിവ്റാം പറയുന്നത്. ഇത്തരത്തില്‍ കഴുത്തില്‍ കുരുക്കിട്ട് ആളുകള്‍ മരിക്കുമെന്നായിരുന്നു തന്‍റേതായ രീതിയില്‍ സുശാന്ത് പറഞ്ഞത്. എന്നാല്‍ അങ്ങനെയൊന്നുമില്ലെന്ന് അതൊന്നും സത്യം അല്ലെന്നും തങ്ങള്‍ വിശദീകരിച്ചു കൊടുത്തുവെന്നും ഇയാള്‍ പറയുന്നു.

കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ ബന്ധുക്കള്‍ക്ക് താത്പ്പര്യം ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് അറിയിച്ചത്. എന്നാല്‍ നടപടിക്രമങ്ങള്‍ അനുസരിച്ച്‌ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയിരുന്നു. തൂങ്ങിമരണം തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഫേസ് 3 പൊലീസ് സ്റ്റേഷന്‍ എസ്‌എച്ച്‌ഒ ജിതേന്ദ്ര ദീക്ഷിത് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *