തൃശൂര്‍: കുട്ടനെല്ലൂരില്‍ ദന്താശുപത്രിയില്‍വെച്ച് കുത്തേറ്റ് ചികിത്സയിലായിരുന്ന വനിത ഡോക്ടര്‍ മരിച്ചു. മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടില്‍ ഡോ. സോന (30) ആണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സോനക്ക് കുത്തേറ്റത്. സുഹൃത്തും ദന്താശുപത്രി പാര്‍ട്ണറുമായ മഹേഷാണ് ഇവരെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍പോയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി സോനയും പാവറട്ടി സ്വദേശിയായ മഹേഷും ചേര്‍ന്നാണ് ദന്താശുപത്രി നടത്തിവരുന്നത്.
സാമ്ബത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സോനയും ബന്ധുക്കളും കഴിഞ്ഞ ചൊവ്വാഴ്ച മഹേഷിനെതിരേ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മഹേഷ് ദന്താശുപത്രിയിലെത്തി സോനയെ ആക്രമിച്ചത്.
ഉദരഭാഗത്തും കാലിലും പരിക്കേറ്റ സോനയെ ഉടന്‍തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ തുടരുന്നതിനിടെ ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
കൃത്യം നടത്തിയശേഷം കാറില്‍ രക്ഷപ്പെട്ട മഹേഷിനെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് വിവരം. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്ന വനിത ഡോക്ടര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി മഹേഷിനൊപ്പം കുരിയച്ചിറയിലെ ഫ്ലാറ്റിലായിരുന്നു താമസം.
