വനപാലകര്‍ വിരിച്ച വലയില്‍ നിന്ന് ഓടി രക്ഷപ്പെട്ട് കരടി. മലപ്പുറം എടക്കരയിലെ നെല്ലിക്കുത്തിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കരടിയാണ് വനപാലകര്‍ വിരിച്ച വലയില്‍ നിന്ന് മണിക്കൂറുകള്‍ക്ക് ശേഷം വനപാലകരുടെ കണ്‍മുന്നിലൂടെ കാട്ടിലേക്ക് രക്ഷപ്പെട്ടത്. രണ്ടു മാസത്തോളമായി കരടി റബ്ബര്‍തോട്ടങ്ങളിലെ തേന്‍കൂട് തകര്‍ത്ത് തേന്‍കുടിക്കാന്‍ തുടങ്ങിയിട്ട്.
ഏറെ പരിശ്രമത്തിന് ഒടുവിലാണ് കരടിയെ വനപാലകര്‍ വിരിച്ച വലയിലാക്കിയത്. എന്നാല്‍, പരിശ്രമങ്ങള്‍ എല്ലാം വെറുതെയായി. കരടി ഒടുവില്‍ കാട്ടില്‍ തന്നെ തിരിച്ച് എത്തി. കഴിഞ്ഞ ദിവസം രാത്രി ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാണ് കരടിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നത്. രാത്രി ഒരുമണിയോടെ കരടികിടന്ന ഭാഗത്തെ വെളിച്ചം അണയ്ക്കുകയും ചെയ്തു. വനംജീവനക്കാരും പൊലീസും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ഇടയ്ക്കിടെ കരടി വലയിലുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. പുലര്‍ച്ചെ ചെന്നുനോക്കിയപ്പോഴാണ് കരടി രക്ഷപ്പെട്ട വിവരം കാവല്‍നിന്നവര്‍ അറിയുന്നത്. വലയ്ക്ക് കേടൊന്നും പറ്റിയിരുന്നില്ല.
കിടന്നിരുന്ന ഭാഗത്തെ മരത്തിലൂടെ കയറിയായിരിക്കും കരടി രക്ഷപ്പെട്ടതെന്നാണ് നിഗമനം. വനപാലകരും പൊലീസുകാരും വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും കരടിയെ കണ്ടെത്താനായില്ല. തിരച്ചില്‍ അവസാനിപ്പിച്ച് മടങ്ങുന്ന വഴിക്കാണ് നെല്ലിക്കുത്ത് കാരപ്പുറം പാതയില്‍ കല്‍ക്കുളം ഫോറസ്റ്റ് സ്റ്റേഷന് സമീപം കരടി റോഡ് മുറിച്ച് കടന്ന് കാട്ടിലേക്ക് കയറുന്നത് വനപാലകര്‍ കണ്ടത്. രണ്ടു മാസത്തോളമായി കരടി മൂത്തേടം പഞ്ചായത്തിലെ കല്‍ക്കുളം, നെല്ലിക്കുത്ത് ഭാഗങ്ങളിലിറങ്ങി റബ്ബര്‍തോട്ടങ്ങളിലെ തേന്‍കൂട് തകര്‍ത്ത് തേന്‍കുടിക്കാന്‍ തുടങ്ങിയിട്ട്.
