മലപ്പുറം: മുന്നോക്ക സംവരണത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് വര്‍ഗീയ ലക്ഷ്യം വെച്ചെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്. അതിന് വേണ്ടിയാണ് മുസ്ലിം ലീഗ് ലക്ഷ്യം വെക്കുന്നത്. ഇക്കാര്യത്തില്‍ ജമാഅത്തെ ഇസ്ലാമി അടക്കുമുള്ള തീവ്ര മത സംഘടനകളുടെ കൂട്ട് പിടിക്കുകയാണ് ലീഗ്. സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. കേന്ദ്രം പാസാക്കിയ നിയമനം നടപ്പിലാക്കുക എന്ന ഭരണകര്‍ത്തവ്യം മാത്രമാണ് ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുള്ളതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ എ വിജയരാഘവന് അറിയിച്ചു. നേരത്തെ തന്നെ ഈ വിഷയം പൊതുസമൂഹത്തിന്റെ മുന്നിലുണ്ടെങ്കിലും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വര്‍ഗീയ ധ്രുവീകരണത്തിലൂടെ നേട്ടമുണ്ടാക്കാനാണ് ലീഗ് ശ്രമമെന്നും അദ്ദേഹം വിശദീകരിച്ചു. എല്ലാ വിഭാഗത്തിലും സമ്പന്നനും ദരിദ്രനുമുണ്ട്. ഇതില്‍ എല്ലാ വിഭാഗങ്ങളിലെ ദരിദ്രര്‍ക്കും സംവരണം ലഭിക്കണമെന്നതാണ് ഇടതുപക്ഷത്തിന്റെ നയം. ഇത് സാമൂഹിക അരക്ഷിതാവസ്ഥ കുറക്കാന്‍ ഉപകരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
