ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടമാനഭംഗ കേസിലെ പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ തിഹാര്‍ ജയിലിനുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇന്നു രാവിലെ ജീവനൊടുക്കാന്‍ ശ്രമിച്ച ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജയില്‍ അധികൃതര്‍ അറിയിച്ചു. ഇരുപത്തിമൂന്നുകാരിയായ പെണ്‍കുട്ടിയെ (നിര്‍ഭയ) 2012 ഡിസംബര്‍ 16നാണ് ആറു പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയശേഷം വഴിയില്‍ ഉപേക്ഷിച്ചത്. ക്രൂരമായ മാനഭംഗത്തിനിരയായ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ ആശുപത്രിയിലേക്കു മാറ്റി. എന്നാല്‍, ഡിസംബര്‍ 29നു സിംഗപ്പൂരിലെ ആശുപത്രിയില്‍വച്ച് മരിച്ചു. കേസിലെ ആറു പ്രതികളില്‍ ഒരാളായ രാം സിംഗ് മൂന്നു വര്‍ഷം മുമ്പ് ജയിലിനുള്ളില്‍വച്ച് ജീവനൊടുക്കി. കുറ്റകൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത ഒരുവന്‍ മൂന്നുവര്‍ഷത്തെ ശിക്ഷകഴിഞ്ഞ് കഴിഞ്ഞ ഡിസംബറില്‍ പുറത്തിറങ്ങി. ശേഷിച്ച നാലു പേരെ (വിനയ് ശര്‍മ, അക്ഷയ് ഠാക്കൂര്‍, മുകേഷ്, പവന്‍ ഗുപ്ത) തൂക്കിലേറ്റാന്‍ ഹൈക്കോടതി വിധിച്ചെങ്കിലും സുപ്രീംകോടതി തടഞ്ഞു. ഇവര്‍ തിഹാര്‍ ജയിലിലാണ്.
