ശബരിമല തീര്‍ഥാടനത്തിന് പ്രത്യേക പ്രോട്ടോക്കോള്‍

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം പരിമിതമായ എണ്ണം തീര്‍ത്ഥാടകരെ അനുവദിച്ചുകൊണ്ട് നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മകര വിളക്കിനനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ചു നടത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

1. ശബരിമല സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമായതിനാല്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം പ്രതീകാത്മകമായി ചുരുക്കാതെ പരിമിതമായ എണ്ണം തീര്‍ത്ഥാടകരെ അനുവദിച്ചുകൊണ്ട് നടത്തും.

2. ഓരോ സംസ്ഥാനത്ത് നിന്നും ദിനം പ്രതി എത്ര തീര്‍ത്ഥാടകരെ വരെ പ്രവേശിപ്പിക്കാം എന്നത് ഉള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ദേവസ്വം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരടങ്ങിയ സമിതി പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കും.

3. പൂര്‍ണ്ണമായും വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ രജിസ്റ്റര്‍ ചെയ്യുന്ന പരിമിത എണ്ണം തീര്‍ത്ഥാടകര്‍ക്ക് മാത്രമായിരിക്കും ഈ വര്‍ഷത്തെ പ്രവേശനം. ഓരോ തീര്‍ത്ഥാടകനും എത്തിച്ചേരേണ്ട സമയക്രമം നിശ്ചയിച്ചു നല്‍കും.

4. ആന്ധ്ര, തെലങ്കാന, കര്‍ണ്ണാടക, തമിഴ് നാട്, പോണ്ടിച്ചേരി തുടങ്ങിയ മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി ദേവസ്വം മന്ത്രിതലത്തില്‍ കത്ത് ഇടപാടോ വെര്‍ച്വല്‍ യോഗങ്ങളോ നടത്തും.

5. കൊവിഡ് -19 രോഗ ബാധിതര്‍ തീര്‍ത്ഥാടനത്തിന് എത്താത്ത സാഹചര്യം ഉറപ്പ് ഉറപ്പു വരുത്തും. ഇതിനായി വിവിധ കേന്ദ്രങ്ങളില്‍ ആരോഗ്യ വകുപ്പ് ആന്റിജന്‍ ടെസ്റ്റ് നടത്തും.

6. ദര്‍ശനം നടത്തി ഉടനെ മല ഇറങ്ങാനുള്ള ക്രമീകരണം വരുത്തും. പമ്ബയിലും സന്നിധാനത്തും തീര്‍ത്ഥാടകരെ വിരിവയ്ക്കാനോ തങ്ങാനോ അനുവദിക്കുന്നതല്ല. നിലയ്ക്കലില്‍ പരിമിതമായ രീതിയില്‍ വിരിവയ്ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.

7. കുടിവെള്ള വിതരണത്തിന് 100 രൂപ അടച്ച്‌ സ്റ്റീല്‍ പാത്രത്തില്‍വെള്ളം വാങ്ങാവുന്നതും മടങ്ങി വന്ന് പാത്രം ഏല്‍പ്പിക്കുമ്ബോള്‍ തുക തിരികെ നല്‍കുന്നതുമാണ്.

8. തീര്‍ത്ഥാടകര്‍ക്ക് നേരത്തെ ഉള്ളത് പോലെ വലിയ തോതിലുള്ള അന്നദാനം നടത്തേണ്ടതില്ല. നിശ്ചിത സമയത്ത് വരുന്നവര്‍ക്ക് മാത്രം പേപ്പര്‍ പ്‌ളേറ്റില്‍ അന്നദാനം നല്‍കും.

9. സാനിറ്റേഷന്‍ സൊസൈറ്റി വഴി തമിഴ് നാട്ടിലെ തൊഴിലാളികളെ വിന്യസിച്ചായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ ശുചീകരണ പ്രവര്‍ത്തികള്‍ നടത്തിയിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി തീര്‍ത്ഥാടകരുടെ എണ്ണം നിശ്ചയിക്കുന്നതിന് അനുസരിച്ച്‌ തമിഴ്‌നാട്ടില്‍ നിന്നും എത്ര തൊഴിലാളികളെ ലഭ്യമാക്കണം എന്ന കാര്യം തീരുമാനിക്കുന്നതാണ്.

9. അവശ്യ സാധനങ്ങളുടെ ലഭ്യതയ്ക്ക് കടകളുടെ ലേലം ചെയ്ത് പോകാനുള്ള സാധ്യത കുറഞ്ഞതിനാല്‍ കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ തുടങ്ങിയവയുടെ സേവനം ലഭ്യമാക്കും.

10. കെ.എസ്.ആര്‍.ടിസി ബസില്‍ തീര്‍ത്ഥാടകര്‍ക്ക് സാമൂഹ്യ അകലം പാലിക്കുന്ന തരത്തില്‍ കൂടുതല്‍ എണ്ണം ബസുകള്‍ വിന്യസിക്കും.

11. ഭക്തര്‍ മല കയറുമ്ബോള്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കുന്നതിന്റെ ആരോഗ്യ വശം ആരോഗ്യവകുപ്പ് പരിശോധിക്കും.

12. നെയ്യഭിഷേകത്തിനുള്ള നെയ്യ് പമ്ബയിലോ സന്നിധാനത്തോ ശേഖരിച്ച്‌ പകരം അഭിഷേകം നടത്തിയ നെയ്യ് ലഭ്യമാക്കാന്‍ പ്രത്യേക ക്രമീകരണം നടത്തുന്ന കാര്യം പരിശോധിക്കുന്നതാണ്.

13. മകര വിളക്കിനനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ചുമാത്രം നടത്തുന്നതാണ്.

14. പമ്ബ എരുമേലി എന്നിവിടങ്ങളില്‍ സ്‌നാനഘട്ടങ്ങളില്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ സ്പ്രിംഗ്‌ളര്‍/ഷവര്‍ സംവിധാനം ഏര്‍പ്പെടുത്തും.

15. തീര്‍ത്ഥാടനത്തിന് മുമ്ബ് പമ്ബയിലേയ്ക്കുള്ള വിള്ളല്‍ വീണ റോഡ് അടിയന്തിരമായി പുതുക്കിപ്പണിയും.

16. ശബരിമല തന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച്‌ ഉചിതമായ ക്രമീകരണങ്ങള്‍ നടത്തും

17. 10 വയസ്സിന് താഴെയും 65 വയസ്സിനും മുകളിലുമുള്ളവര്‍ക്ക് ദര്‍ശനം അനുവദിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *