തിരുവനന്തപുരം: ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് കൊണ്ട് ജനങ്ങളുടെ മനസില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനെതിരായുളള ഗുരുതരമായ കുറ്റങ്ങളും യാഥാര്‍ത്ഥ്യങ്ങളും ഒളിച്ചുവയ്‌ക്കാനാകില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വളരെ പ്രാധാന്യത്തോടെയാണ് യു ഡി എഫ് സര്‍ക്കാര്‍ പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തത്. പാലത്തിന്റെ എഴുപത് ശതമാനം ജോലികളും യു ഡി എഫാണ് ചെയ്‌തത്. മുപ്പത് ശതമാനം ജോലിയും എല്‍ ഡി എഫ് സര്‍ക്കാരാണ് പൂര്‍ത്തിയാക്കിയത്. പാലത്തിന്റെ ഉദ്ഘാടനത്തില്‍ ഇത് എല്‍ ഡി എഫ് സര്‍ക്കാര്‍ നേട്ടമായാണ് അവതരിപ്പിച്ചത്. അതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.
പാലത്തിന്റെ മുകളിലുളള ടാറിംഗ് ഉള്‍പ്പടെയുളള പണികള്‍ നടത്തിയത് ഈ സര്‍ക്കാരാണ്. മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുത്തുവെന്നതാണ് ഇബ്രാഹിംകുഞ്ഞിനെതിരെയുളള പരാതി. അതിന്റെ പലിശ സഹിതം മുഴുവന്‍ തുകയും സര്‍ക്കാരിന് തിരിച്ച് കിട്ടിയിട്ടുണ്ട്. കമ്ബനി വീഴ്ച വരുത്തിയതാണെങ്കില്‍ പിന്നെന്തിനാണ് ഈ സര്‍ക്കാര്‍ ഈ കമ്ബനിയ്‌ക്ക് തന്നെ വീണ്ടും വീണ്ടും നിര്‍മ്മാണ ചുമതല ഏല്‍പ്പിക്കുന്നുവെന്ന് വ്യക്തമാക്കണം. തിരുവനന്തപുരം നഗരത്തില്‍ മാത്രം ആയിരം കോടിയലധികം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഈ കമ്ബനിയെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
ഈ കേസ് സര്‍ക്കാരിന് തിരിച്ചടിയാകും. ജനങ്ങളുടെ മനസില്‍ സംശയങ്ങളെല്ലാം കിടപ്പുണ്ട്. ഈ സര്‍ക്കാരും മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുത്തിട്ടുണ്ട്. പാലം പൊളിക്കേണ്ട വിധം അഴിമതി നടന്നിട്ടുണ്ടെങ്കില്‍ ആ കമ്ബനിയെ എന്തുകൊണ്ട് കരിമ്ബട്ടികയില്‍പ്പെടുത്തിയില്ലയെന്ന് വ്യക്തമാക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രതിപക്ഷത്തിന്റെ നാവ് അടപ്പിക്കാനാകില്ല. ജനങ്ങള്‍ എല്ലാം പരിശോധിക്കുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
